Monday, April 29, 2024
spot_img

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച്; ജസ്റ്റിസ് എൻ വി രമണ അധ്യക്ഷൻ

ദില്ലി: ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലൂടെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് സുപ്രീംകോടതി രൂപം നല്‍കി. ഒക്ടോബര്‍ ഒന്നിന് വാദം തുടങ്ങും.

സുപ്രീംകോടതിയിലെ മൂന്നാമത്തെ സീനിയര്‍ ജഡ്‌ജിയാണ് എന്‍.വി. രമണ. ബെഞ്ചിലെ മറ്റ് ജഡ്‌ജിമാര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രണ്ടാമത്തെ സീനിയര്‍ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും അയോദ്ധ്യ ബെഞ്ചിന്റെ ഭാഗമാണ്. അയോദ്ധ്യ കേസ് ഒക്‌ടോബര്‍ 18 വരെയെങ്കിലും നീളും.

കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഈ ഹര്‍ജികള്‍ ഒക്ടോബറില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ച് ആഗസ്റ്റ് 28ന് അറിയിച്ചിരുന്നു. അന്ന് തന്നെ നിലപാടറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് എം.പിമാരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി, ജമ്മു കാശ്‌മീര്‍ മദ്ധ്യസ്ഥന്‍ രാധ കുമാര്‍, ജമ്മു കാശ്‌മീര്‍ മുന്‍ ചീഫ് സെക്രട്ടറി ഹിന്ദല്‍ ഹൈദര്‍ തായബ്‌ജി, റിട്ടയേര്‍ഡ് എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്ക്, 1965 ലേയും 71 ലേയും യുദ്ധങ്ങളില്‍ പങ്കെടുത്ത റിട്ട.മേജര്‍ ജനറല്‍ അശോക് കുമാര്‍ മെഹ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.

Related Articles

Latest Articles