Saturday, May 18, 2024
spot_img

കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി; 140 ഇന്ത്യൻ പൗരന്മാരും സുരക്ഷിതർ; ഇനിയും കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം

ജാംനഗർ: കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി. കാബൂൾ ഇന്ത്യൻ എംബസിയിലെ 140 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള, വ്യോമസേനയുടെ C-17 വിമാനമാണ് ജാംനഗർ വിമാനത്താവളത്തിൽ എത്തിയത്. അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്.

അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യയും കൂടുതൽ വിമാനങ്ങളയക്കുമെന്നാണ് സൂചന. ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുമായി ചർച്ച നടത്തിയിരുന്നു.

എന്നാൽ ഞായറാഴ്ച രാത്രിയോടെ കാബൂളിലെത്തിയ മറ്റൊരു വ്യോമസേനാ വിമാനം ഇന്നലെ രാത്രിയോടെ ദില്ലിയിലെത്തിയിരുന്നു. ഇറാൻ വ്യോമപാതയിലൂടെയാണ് വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയത്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും, കാബൂൾ വിമാനത്താവളത്തിലെ യാത്രാവിമാനങ്ങൾ റദ്ദാക്കിയത് ഉദ്യോഗസ്ഥരെ അടക്കം തിരികെ കൊണ്ടുവരുന്നതിന് തടസ്സമായെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഒരു മാസത്തോളം നീണ്ട അധിനിവേശത്തിന് ശേഷം തിങ്കളാഴ്ചയാണ് കാബൂൾ താലിബാൻ കീഴടക്കിയത്. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് കാറുകളിലും ഹെലികോപ്റ്ററുകളിലും നിറയെ പണവുമായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടു. കുടുംബസമേതം താജികിസ്ഥാനിലേക്കാണ് അഷ്റഫ് ഗനി പോയതെന്നാണ് സൂചന. താലിബാൻ നേതാവായ അബ്ദുൾ ഗനി ബരാദറാകും ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് പേര് മാറ്റിയ അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്‍റെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അനുദിനം വഷളായി വരികയാണെന്ന് ഇന്നലെ കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, എംബസി അടയ്ക്കാനും എല്ലാ ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരാനും കേന്ദ്രസർക്കാർ തീരുമാനിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles