ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരുടെ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തു. വന്‍ ആയുധങ്ങളുമായി ഭീകരര്‍ കുല്‍ഗാമില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഭീകരരുടെ കേന്ദ്രത്തെ വളഞ്ഞത്.

അതേ സമയം അവിടെ നിന്നും രക്ഷപ്പെട്ട ഭീകരര്‍ക്കായി സെെന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയുടെ പ്രവര്‍ത്തകരാണെന്നുള്ള വിവരം സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് സൈന്യവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരുടെ കല്ലേറില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ എട്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഉച്ചയോടെയാണ് അവസാനിച്ചത്.

കശ്മീരില്‍ ഭീകരരുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരികയാണെന്നാണ് വിവരം. ഇതിനെതിരെ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് സെെന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ 6ന് പുല്‍വാമ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.