Monday, April 29, 2024
spot_img

മെയ് 30 ന് അറബ് ജി സി സി ഉച്ചകോടി മക്കയില്‍ നടക്കും

മക്ക: ഈ മാസം മുപ്പതിന് മക്കയില്‍ അറബ് ജിസിസി ഉച്ചകോടികള്‍ നടത്താന്‍ തീരുമാനം. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടത്താന്‍ തീരുമാനമായിരിക്കുന്നത്. അതേസമയം ജി സി സി നേതാക്കളെയും അറബ് നേതാക്കളെയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.

അമേരിക്ക – ഇറാൻ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റി വയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാനെതിരെയുള്ള യുദ്ധ സന്നാഹത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിച്ചത്. അമേരിക്കയുടെ ആവശ്യം ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അറബ് ജി സി സി ഉച്ചകോടികള്‍ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം എണ്ണ ഉത്പാദക രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം ഇന്ന് ജിദ്ദയില്‍ നടക്കും.

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കും എണ്ണ വിതരണ പൈപ്പ്ലൈനുകള്‍ക്കും നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് യോഗം. ഇറാനാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സൗദിയും യു എ ഇയും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാന്റെ എണ്ണവിപണിയെ ബാധിക്കും വിധം ഉപരോധം തുടര്‍ന്നാല്‍ ആഗോള തലത്തില്‍ എണ്ണ വിതരണം മുടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയത്തിനു പിന്നാലെയായിരുന്നു ഈ ആക്രമണങ്ങള്‍. എന്നാല്‍ ആഗോള തലത്തില്‍ എണ്ണ ലഭ്യതയിലും വിതരണത്തിലും കുറവ് വന്നിട്ടില്ലെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

Related Articles

Latest Articles