Friday, March 29, 2024
spot_img

ഐപിഎൽ സീസൺ 6 ദിനമകലെ; പ്രതീക്ഷയോടെ ധോണിപ്പട

കഴിഞ്ഞ സീസണിലെ നിരാശ മറക്കാൻ കപ്പിൽ കുറഞ്ഞൊന്നും ധോണിപ്പട ഇത്തവണ സ്വപ്നം കാണുന്നില്ല. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വീണ്ടും ഐപിഎൽ സീസൺ ആരംഭിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ഏറെ പ്രതീക്ഷയിലാണ്. 4 തവണ ഐപിഎൽ കിരീടം വീട്ടിലെത്തിച്ച ചെന്നൈ മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണായിരുന്നു കഴിഞ്ഞ തവണത്തേത്‌. 14 മത്സരങ്ങളിൽ ജയിച്ചത് വെറും 4 കളികളിൽ മാത്രം. 8 പോയിന്റുമായി 9–ാം സ്ഥാനത്തായിരുന്നു ചെന്നൈ സീസൺ അവസാനിപ്പിച്ചത്. എന്നാൽ കൊച്ചിയിൽ നടന്ന താരലേലത്തിൽ പേസ് ഡിപ്പാർട്ടമെന്റ് ഒഴികെ എല്ലാ മേഖലകളിലും അത്യാവശ്യം പ്രധാന കളിക്കാരെ തന്നെ ടീമിലെടുത്താണ് പുതിയ സീസണിനായി ചെന്നൈ ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ താരം സാം കറനെ നഷ്ടമായപ്പോൾ ഇംഗ്ലിഷ് സൂപ്പർതാരം ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചു. ആരാധകരുടെ സ്വന്തം ‘തല’ എം.എസ്‍.ധോണി തന്നെ ടീമിനെ നയിക്കും.

രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്സ്, മൊയീൻ അലി, മിച്ചൽ സാന്റ്നർ എന്നിവരടങ്ങുന്ന ഓൾറൗണ്ടർമാരുടെ വൻനിരയാണ് ചെന്നൈയ്ക്കായി അണിനിരക്കുന്നത്. ജഡേജ, സാന്റ്നർ എന്നീ ഇടംകയ്യൻ സ്പിന്നർമാർക്കൊപ്പം ശ്രീലങ്കൻ താരം മഹേഷ് തീക്ഷണ കൂടി ചേരുന്നതോടെ ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തമായ സ്പിൻ നിരയും റെഡി. ഋതുരാജ് ഗെയ്ക്‌വാദും ന്യൂസീലൻഡിന്റെ ഡെവൻ കോൺവേയുമാണ് ചെന്നൈയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക.

പേസ് നിരയിൽ‌ ദീപക് ചാഹർ മാത്രമാണ് രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം. ഏറെ പ്രതീക്ഷയോടെ ടീമിലെടുത്ത കൈൽ ജയ്മിസൻ പരുക്കേറ്റു പുറത്തായതും തിരിച്ചടിയായി. ബാറ്റിങ് മധ്യനിരയിൽ ധോണി, മൊയീൻ, റായുഡു എന്നിവർ 35നു മുകളിൽ പ്രായമുള്ളവരാണ്.

Related Articles

Latest Articles