വാഷിംഗ്ടൺ: ഇറാന്റെ രഹസ്യ വധഭീഷണിയെത്തുടർന്ന് തുർക്കിയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വിമാനത്താവളത്തിൽ നിന്ന് മാറ്റിയത് കാറ്ററിങ് ട്രക്കിലെന്ന് റിപ്പോർട്ട്. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങുമ്പോഴാണ് സുരക്ഷാ ഏജൻസികളെപ്പോലും ഞെട്ടിച്ച ഈ ദൗത്യം അരങ്ങേറിയത്. ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് അമേരിക്കൻ സീക്രട്ട് സർവീസിന്റെ ഈ നിർണായക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
തുർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽ വെച്ച് ക്യാമറകൾക്ക് മുന്നിലൂടെ പഴയ എയർ ഫോഴ്സ് വൺ വിമാനത്തിലാണ് ട്രമ്പ് ആദ്യം കയറിയത്. എന്നാൽ, വിമാനത്തിനുള്ളിൽ പ്രവേശിച്ച ഉടൻ തന്നെ വിമാനത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ഹൈഡ്രോളിക് കേറ്ററിംഗ് ട്രക്ക് ഉപയോഗിച്ച് അദ്ദേഹത്തെ രഹസ്യമായി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് റൺവേയിൽ നിർത്തിയിട്ടിരുന്ന ചെറിയ എയർഫോഴ്സ് C-32A വിമാനത്തിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം യുകെയിലേക്ക് പറന്നത്.
ട്രമ്പ് സഞ്ചരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മാധ്യമപ്രവർത്തകരെയും ചില ജീവനക്കാരെയും വഹിച്ച് എയർ ഫോഴ്സ് വൺ വിമാനം യാത്ര തുടർന്നു. ഇറാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വിമാനത്തിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യു.എസ് സുരക്ഷാ വിഭാഗം ഇത്തരമൊരു തന്ത്രം മെനഞ്ഞത്. ബിട്ടനിലെ ആർ.എ.എഫ് മിൽഡൻഹാൾ ബേസിലിറങ്ങിയ ശേഷമാണ് മാദ്ധ്യമപ്രവർത്തകർ പോലും ഈ വിവരമറിയുന്നത്.
2000-ൽ ബിൽ ക്ലിന്റൻ പാകിസ്ഥാൻ സന്ദർശിച്ചപ്പോഴും സമാനമായ രീതിയിൽ വിമാനം മാറ്റി യാത്ര ചെയ്തിരുന്നു. 1999-ൽ ജനറൽ പർവേസ് മുഷാറഫ് പാകിസ്ഥാനിൽ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സമയമായിരുന്നു അത്. ഭീകരാക്രമണ ഭീഷണികളും രാഷ്ട്രീയ അസ്ഥിരതയും കാരണം ക്ലിന്റന്റെ പാകിസ്ഥാൻ സന്ദർശനം തികച്ചും അപകടസാധ്യതയുള്ളതാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ച്, ക്ലിന്റൻ സഞ്ചരിക്കുന്ന ഔദ്യോഗിക വിമാനമായ ‘എയർ ഫോഴ്സ് വൺ’ മിസൈൽ ആക്രമണത്തിന് ഇരയായേക്കാം എന്ന വിവരമാണ് സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്.
തുടർന്ന് യു.എസ്. സീക്രട്ട് സർവീസ് അതീവ രഹസ്യമായ ഒരു പദ്ധതി തയ്യാറാക്കുകയായിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ വലിയ എയർ ഫോഴ്സ് വൺ ബോയിംഗ് വിമാനത്തിൽ പത്രപ്രവർത്തകരെയും മറ്റ് ജീവനക്കാരെയും കയറ്റി സാധാരണ പോലെ ഇസ്ലാമാബാദിലേക്ക് പറത്തി. ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു വ്യാജ ലക്ഷ്യമായിട്ടാണ് ഈ വിമാനം പ്രവർത്തിച്ചത്. എന്നാൽ അതേസമയം, ബിൽ ക്ലിന്റനെ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ചെറിയൊരു സൈനിക വിമാനത്തിലാണ് അതീവ രഹസ്യമായി കയറ്റിയത്.
എയർ ഫോഴ്സ് വൺ പുറപ്പെടുന്നതിന് തൊട്ടുപിന്നാലെ ക്ലിന്റൻ സഞ്ചരിച്ച ചെറിയ വിമാനവും വ്യത്യസ്ത പാതയിലൂടെ ഇസ്ലാമാബാദിലേക്ക് തിരിച്ചു. പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് നൂർ ഖാൻ എയർബേസിൽ ലാൻഡ് ചെയ്യുന്നത് വരെയും ക്ലിന്റൻ ഏത് വിമാനത്തിലാണെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമാണ് മാധ്യമപ്രവർത്തകർ പോലും തങ്ങളോടൊപ്പമല്ല പ്രസിഡന്റ് സഞ്ചരിച്ചതെന്ന വിവരമറിയുന്നത്. ഏതാനും മണിക്കൂറുകൾ മാത്രം പാകിസ്ഥാനിൽ ചെലവഴിച്ച് പട്ടാള ഭരണാധികാരിയായ മുഷാറഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ക്ലിന്റൻ സമാനമായ സുരക്ഷാ മുൻകരുതലുകളോടെ തന്നെ മടങ്ങുകയും ചെയ്തു.

