ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ബജറ്റ് ചർച്ചകൾക്കിടെ ധനമന്ത്രി എൻ. മേരി വിൽസനും പ്രതിപക്ഷാംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി തമിഴ് ഭാഷ തെറ്റായി പ്രയോഗിച്ചുവെന്നും ഇംഗ്ലീഷിലേക്ക് മാറിയെന്നും എം.ഡി.എം.കെ അംഗം ടി.എം. രാജേന്ദ്രൻ ആരോപിച്ചതാണ് സഭയെ ചൂടുപിടിപ്പിച്ചത്. ഭാഷാപരമായ വശങ്ങളേക്കാൾ സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി അസ്വസ്ഥനായ ധനമന്ത്രി സഭയിൽ ശക്തമായി തിരിച്ചടിച്ചു.
ബജറ്റ് അവതരണത്തിനിടെ വ്യാകരണപരമായ പിഴവുകൾ സംഭവിച്ചുവെന്നും ഭാവിയിലെങ്കിലും ധനമന്ത്രി മികച്ച തമിഴിൽ സംസാരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷാംഗം സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, ടി.വി.കെ ഭരണത്തിന് കീഴിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളാണ് പ്രധാനം എന്ന് ധനമന്ത്രി മേരി വിൽസൺ മറുപടി നൽകി. അനാവശ്യമായ ഭാഷാപരമായ ചർച്ചകളേക്കാൾ വികസനത്തിനും ജനക്ഷേമത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന നിലപാടിലായിരുന്നു മന്ത്രി.
തമിഴ്‌നാട്ടിലെ വടക്കൻ ചെന്നൈയിലെയും തെക്കൻ ചെന്നൈയിലെയും പ്രാദേശിക ഭാഷാശൈലികളിൽ വലിയ വ്യത്യാസമുണ്ടെന്നും തമിഴ്‌നാട് എന്നും തമിഴ്, ഇംഗ്ലീഷ് എന്നീ ദ്വിഭാഷാ നയമാണ് പിന്തുണയ്ക്കുന്നതെന്നും മുതിർന്ന ഡി.എം.കെ നേതാവ് ഇ.വി. വേലു സഭയിൽ ചൂണ്ടിക്കാട്ടി. വാദപ്രതിവാദങ്ങൾ മുറുകിയതോടെ, വിഷയത്തെ ലളിതമായി കാണണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കി നയപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അംഗങ്ങളോട് അഭ്യർത്ഥിച്ചു. തമിഴും ഇംഗ്ലീഷും ഉപയോഗിക്കാൻ നിയമസഭയിൽ അനുമതിയുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് സഭ ശാന്തമായത്.
തമിഴ്‌നാട് നിയമസഭയിൽ ഭാഷയും അതിൻ്റെ ഉപയോഗവും മുൻകാലങ്ങളിൽ നിരവധി തവണ വൻ വിവാദങ്ങൾക്കും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ തമിഴ് ഭാഷ എന്നത് സാംസ്കാരിക സ്വത്വവുമായും ജനങ്ങളുടെ വൈകാരികതയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നായതുകൊണ്ട് തന്നെ, ഭാഷാപരമായ ഏത് നീക്കവും സഭയ്ക്കുള്ളിൽ കടുത്ത പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്.
ചരിത്രപരമായി നോക്കുമ്പോൾ, 1960-കളിൽ തമിഴ്‌നാട്ടിൽ ഉണ്ടായ ശക്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയായി 1968-ൽ അന്നത്തെ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ നിയമസഭയിൽ ഒരു നിർണായക പ്രമേയം പാസാക്കിയിരുന്നു. കേന്ദ്രത്തിന്റെ മൂന്ന് ഭാഷാ നയം തള്ളി തമിഴ്, ഇംഗ്ലീഷ് എന്നിവ മാത്രം ഉൾപ്പെടുന്ന ദ്വിഭാഷാ നയം സഭ അംഗീകരിച്ചത് സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷാപരമായ തീരുമാനങ്ങളിലൊന്നാണ്. കൂടാതെ, കേന്ദ്ര സർക്കാരുകൾ ഔദ്യോഗിക കാര്യങ്ങളിലോ വിദ്യാഭ്യാസ നയങ്ങളിലോ ഹിന്ദിയോ സംസ്കൃതമോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിൽ നിരവധി തവണ പ്രമേയങ്ങളും തർക്കങ്ങളും ഉയർന്നിട്ടുണ്ട്.
ഇതിനുപുറമേ സഭാ നടപടികളിലെ ഭാഷാപ്രയോഗങ്ങളെച്ചൊല്ലിയും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. സമ്മേളനങ്ങൾ ആരംഭിക്കുമ്പോൾ ആലപിക്കുന്ന ‘തമിഴ് തായ് വാഴ്ത്ത്’ എന്ന സംസ്ഥാന ഗാനത്തിന്റെ പ്രാധാന്യത്തെച്ചൊല്ലിയും ആദരവിനെച്ചൊല്ലിയും നടന്ന ചർച്ചകൾ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. സഭയിൽ മന്ത്രിമാരോ അംഗങ്ങളോ സംസാരിക്കുമ്പോൾ തമിഴിന് പകരം ഇംഗ്ലീഷ് വാക്കുകൾ അമിതമായി കൂട്ടിക്കലർത്തുന്നതിനെതിരെയും, തമിഴ് ഭാഷാ ശൈലിയിലെ ശുദ്ധി കാത്തുസൂക്ഷിക്കാത്തതിനെതിരെയും ജനപ്രതിനിധികൾ തമ്മിൽ സഭയ്ക്കുള്ളിൽ മുൻകാലങ്ങളിലും ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒടുവിലത്തേതാണ് ധനമന്ത്രി മേരി വിൽസൺ തുടങ്ങിവച്ച പുതിയ വിവാദം.

