Saturday, April 27, 2024
spot_img

“ഭീകരതയ്ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടും”; വിദേശകാര്യമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്; അഫ്ഗാനിലെ ഭരണമാറ്റവും താലിബാന്റെ ഭീകരതയുമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച

ദില്ലി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ (S Jaishankar)ഇസ്രയേലിലേക്ക്.
പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യ-ഇസ്രയേൽ ഉന്നതതലയോഗം നടക്കുന്നത്. ഇസ്രയേലിലെ പ്രധാനമന്ത്രിക്കു പുറമെ വിദേശകാര്യവകുപ്പിലെ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.

നിലവിൽ പുതിയ ഭരണകൂടത്തിൽ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത് യായിർ ലാപിഡാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാൽ ഹുലാത്തയേയും ജയശങ്കർ കാണും. ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ദസറ ആഘോഷങ്ങൾക്ക് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം ആശംസകൾ നേർന്നിരുന്നു.

അതേസമയം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ഇസ്രയേൽ സന്ദർശനം സുപ്രധാനമാണെന്നും ഇന്ത്യ എന്നും ഇസ്രയേലിന്റെ ശക്തരായ പങ്കാളിയാണെന്നും വിദേശകാര്യ സെക്രട്ടറി അലോൺ ഉഷ്പിസ് പറഞ്ഞു. റഷ്യൻ മേഖലയിലെ രാജ്യങ്ങളായ കിർഗിസ്ഥാൻ, കസാഖിസ്ഥാൻ, അർമേനിയ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് ഇസ്രയേലിലേക്ക് ജയശങ്കർ എത്തുന്നത്. അഫ്ഗാനിലെ ഭരണമാറ്റവും താലിബാന്റെ ഭീകരതയും അതീവഗൗരവത്തിൽ ചർച്ച നടത്തിയ ശേഷമാണ് ജയശങ്കർ ഇസ്രയേലിലെത്തുന്നത്.

Related Articles

Latest Articles