Saturday, May 4, 2024
spot_img

അധികമാർക്കുമറിയാത്ത ഇസ്രയേൽ പോലീസിന്റെ കേരളാ ബന്ധം ! ഇസ്രയേൽ പോലീസ് യൂണിഫോമിന് പിന്നിൽ മലയാളിയുടെ തുന്നൽ വൈദഗ്ദ്യം!

ഗാസയെച്ചൊല്ലിയും ഇസ്രായേൽ – ഹമാസ് യുദ്ധത്തെ ചൊല്ലിയും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം എന്നത് സ്വാഭാവികമാണ്. എന്നാൽ ഒക്‌ടോബർ 7 ന് അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരുതിക്ക് മുമ്പും ശേഷവും വടക്കൻ കേരളത്തിലെ ഒരു കൂട്ടം ആളുകൾ ഇസ്രയേലിനായി ഉത്സാഹത്തോടെ പ്രവർത്തിക്കുകയാണ്.

കണ്ണൂരിലെ ഒരു പ്രാദേശിക അപ്പാരൽ യൂണിറ്റിലെ നൂറുകണക്കിന് തയ്യൽക്കാരാണ് കഴിഞ്ഞ എട്ട് വർഷമായി ഇസ്രയേൽ പോലീസ് സേനയ്ക്ക് യൂണിഫോം ഷർട്ടുകൾ തയ്യാറാക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ കണ്ണൂർ പക്ഷെ കൈത്തറി വസ്ത്രങ്ങളുടെ നിർമ്മാണത്തിനും കയറ്റുമതിക്കും പേര് കേട്ട നാടാണ്.

ജില്ലയിലെ മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡിലെ തയ്യൽക്കാരും ജീവനക്കാരുമാണ് ഇസ്രായേൽ പോലീസ് സേനയുടെ ഇളം നീല നിറത്തിലുള്ള ഫുൾ സ്ലീവ് യൂണിഫോം ഷർട്ടുകൾക്ക് പിന്നിൽ. ഡബിൾ പോക്കറ്റ് ഷർട്ടുകളുടെ സ്ലീവുകളിൽ ചിഹ്നങ്ങൾ രൂപകൽപ്പന ചെയ്ത് ഘടിപ്പിക്കുന്നതും ഇവിടെ വച്ച് തന്നെയാണ്.

മുംബൈ ആസ്ഥാനമായുള്ള കേരള വ്യവസായിയായ ഇടുക്കി സ്വദേശി തോമസ് ഓലിക്കലിന്റെ വസ്ത്ര നിർമ്മാണ യൂണിറ്റിൽ നിലവിൽ 1500-ലധികം പരിശീലനം ലഭിച്ച ജീവനക്കാരാണ് ജോലി ചെയ്യുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷവും ഇസ്രയേൽ പോലീസ് കമ്പനിയുമായി ബന്ധപ്പെടുകയും കൂടുതൽ യൂണിഫോമുകൾക്കായി അധിക ഓർഡറുകൾ നൽകുകയും ചെയ്തു. ഈ വർഷം മുതൽ അവർ ഒരു പുതിയ യൂണിഫോമിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ഡിസംബറോടെ ആദ്യ ഷിപ്പ്മെന്റ് നടത്തുമെന്നും തോമസ് ഓലിക്കൽ പറഞ്ഞു.

“ഇസ്രയേൽ പോലീസ് പരിശീലനത്തിനുള്ള കാർഗോ പാന്റും ഷർട്ട് യൂണിഫോമും ഓർഡർ ചെയ്തിട്ടുണ്ട്. ഇതിനായുള്ള ഫാബ്രിക് നിർമ്മാണം നടക്കുന്നു, നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഇതിന്റെ തുന്നൽ ജോലികൾ ആരംഭിക്കും. കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ ഇസ്രായേൽ പോലീസിന് പ്രതിവർഷം ഒരു ലക്ഷം യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നു. ഇസ്രയേൽ പോലെയുള്ള ഒരു ഉയർന്ന ക്ലാസ് പോലീസ് സേനയ്ക്ക് ഞങ്ങൾ യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നു എന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്,” _ തോമസ് ഓലിക്കൽ പറഞ്ഞു.

കണ്ണൂരിലെ പരമ്പരാഗത ബീഡിനിർമ്മാണ മേഖലയുടെ തകർച്ചയെ തുടർന്ന് തൊഴിലില്ലാത്തവരായി മാറിയ തദ്ദേശവാസികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ 2006-ൽ കിൻഫ്ര പാർക്കിൽ ആരംഭിച്ച കമ്പനി, ഇന്ന് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ, പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ സേവന പ്രവർത്തകർ എന്നിവരുടെ യൂണിഫോമുകൾ നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമെ കോട്ടുകൾ, കവറുകൾ, കോർപ്പറേറ്റ് വസ്ത്രങ്ങൾ തുടങ്ങിയവയും കമ്പനി നിർമ്മിക്കുന്നുണ്ട്.

യൂണിഫോം നിർമ്മാണത്തിൽ തങ്ങൾ വിദഗ്ദരാണെന്ന് മനസ്സിലാക്കിയ ഇസ്രയേൽ പോലീസ് തന്റെ കമ്പനിയെ സമീപിച്ചതായി തോമസ് പറഞ്ഞു. “അവരുടെ പ്രതിനിധികൾ മുംബൈയിൽ വന്ന് ഇടപാടിനെക്കുറിച്ച് ചർച്ച ചെയ്തു. പിന്നീട്, അവർ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ, ഡിസൈനർമാർ, ക്വാളിറ്റി കൺട്രോളർ എന്നിവരോടൊപ്പം ഫാക്ടറി സന്ദർശിച്ചു. ഏകദേശം 10 ദിവസത്തോളം അവർ ഇവിടെ ഉണ്ടായിരുന്നു, ഇസ്രയേൽ ഉദ്യോഗസ്ഥർ ഗുണനിലവാരത്തിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉത്പന്നങ്ങൾ തികച്ചും അനുയോജ്യമാണെങ്കിൽ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ” തോമസ് ഓലിക്കൽ വ്യക്തമാക്കി .

നടന്നുകൊണ്ടിരിക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം തിരികെ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Latest Articles