തിരുവനന്തപുരം: ഭാരതത്തെ ചന്ദ്രനിൽ എത്തിച്ച് വിജയശ്രീ ലാളിതനായി ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് തിരുവനന്തപുരം പൗർണ്ണമിക്കാവ് ശ്രീ ബാലഭദ്ര ക്ഷേത്രത്തിൽ ദർശനം നടത്തി. പരമ്പരാഗത രീതിയിൽ പൂർണ്ണകുംഭം നൽകിയാണ് അദ്ദേഹത്തെ ക്ഷേത്രം അധികൃതർ സ്വീകരിച്ചത്. ഉപദേവതാ പ്രതിഷ്ഠയായ പഞ്ച മുഖ ഗണപതിയുടെ മുന്നിൽ പ്രാർത്ഥിച്ച ശേഷം മറ്റ് ഉപദേവതകളെയും വണങ്ങിയ ശേഷമാണ് ദേവീയുടെ ശ്രീകോവിലിലും ഹാലാസ്യ ശിവ ഭാഗവാനെയും തുഴുതു. പഞ്ചമുഖ ഗണപതിക്ക് ലഡുവും ഉണ്ണിയപ്പവും അദ്ദേഹം സമർപ്പിച്ചു. ഏറെക്കാലമായി പൗർണ്ണമി നാളുകളിൽ അദ്ദേഹം ഈ ക്ഷേത്രത്തിൽ ഏത്താറുണ്ട്. പ്രപഞ്ചയാഗം നടക്കുന്ന സമയത്ത് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ഭക്തരോടൊപ്പം സൗന്ദര്യ ലഹരി ചൊല്ലിയിരുന്നു. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വിജയമായതിനു പിന്നാലെ എത്തുന്ന അദ്ദേഹത്തിന് ക്ഷേത്രത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ മദ്ധ്യമങ്ങളെ കണ്ട അദ്ദേഹം ദൗത്യം വിജയമായതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം ശാസ്ത്ര സമൂഹത്തിന് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. മംഗളാരതിയോടെയാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. വിക്രം ലാൻഡറിന്റെ ചെറു പതിപ്പ് വി എസ് എസ് സി ജീവനക്കാർ അദ്ദേഹത്തിന് ഉപഹാരമായി നൽകിയിരുന്നു.

