സോൾ : സോഷ്യൽ മീഡിയയിലെ കടുത്ത സൈബർ അധിക്ഷേപങ്ങളെയും മാനസിക പീഡനങ്ങളെയും തുടർന്ന് പ്രമുഖ കെ-പോപ് ഇൻഫ്ലുവൻസറും ജാപ്പനീസ് സോഷ്യൽ മീഡിയ താരവുമായ മിനാ ചാൻ (26) ലൈവ് സ്ട്രീമിംഗിനിടെ ജീവനൊടുക്കി. ജനപ്രിയ കെ-പോപ് ബോയ് ബാൻഡ് ഗ്രൂപ്പായ ‘എൻഹൈപന്റെ’ആരാധകരിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത ഓൺലൈൻ അധിക്ഷേപമാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മിനാ ചാൻ ‘sweeter_nk’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ലക്ഷക്കണക്കിന് ആരാധകർക്ക് പ്രിയങ്കരിയായത്.
എൻഹൈപനിലെ ജാപ്പനീസ് അംഗമായ ‘നി-കി’യുടെ തീവ്ര ആരാധകയായിരുന്ന മിന, ഇവരുടെ സംഗീത പരിപാടികളിലും ഫാൻ മീറ്റുകളിലും പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ ജൂലൈ അവസാനത്തോടെ അമേരിക്കയിൽ നടന്ന സംഗീത പരിപാടിയിൽ വെച്ച് ബാൻഡിലെ
അംഗമായ ‘സൂനു’വിന് പൂക്കൾ കൈമാറാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മിന വ്യക്തിപരമായ ശ്രദ്ധ നേടാൻ ശ്രമിച്ചുവെന്നും പരിപാടിയുടെ അന്തരീക്ഷം തകർത്തുവെന്നും ആരോപിച്ച് ബാൻഡിന്റെ മറ്റ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഇവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തുടർന്ന് തനിക്ക് സംഭവിച്ച പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും ആരാധകരോടും ബാൻഡ് അംഗങ്ങളോടും മാപ്പ് ചോദിച്ച് എക്‌സിൽ ദീർഘമായ കുറിപ്പ് പങ്കുവെക്കുകയും ചെയ്തെങ്കിലും സൈബർ ആക്രമണം ശമിച്ചില്ല. തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ മിനാ ചാൻ ഓഗസ്റ്റ് 5-ന് പുലർച്ചെ ടിക് ടോക് ലൈവ് സ്ട്രീമിംഗിനിടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ദക്ഷിണ കൊറിയൻ പോലീസ് നടപടികൾ സ്വീകരിച്ചെങ്കിലും സഹോദരി ഇൻസ്റ്റാഗ്രാമിലൂടെ മരണവാർത്ത സ്ഥിരീകരിച്ചു. സംഭവത്തിൽ സൗളിലെ യോങ്സാൻ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ സൈബർ അധിക്ഷേപം, ഓൺലൈൻ വെറുപ്പ്, കടുത്ത മാനസിക സമ്മർദ്ദം എന്നിവ കാരണം ലോകപ്രശസ്തരായ നിരവധി ഇൻഫ്ലുവൻസർമാരും കലാകാരന്മാരും മുൻകാലങ്ങളിലും ജീവനൊടുക്കിയിട്ടുണ്ട്. വിനോദ മേഖലയിലും ഡിജിറ്റൽ ഇടങ്ങളിലും ഇത്തരം ഓൺലൈൻ കൂട്ട ആക്രമണങ്ങൾ വൻ ദുരന്തങ്ങളിലേക്ക് വഴിതെളിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ കൊറിയൻ ഗേൾ ഗ്രൂപ്പായ f(x)-ലെ മുൻ അംഗവും പ്രമുഖ ഇൻഫ്ലുവൻസറുമായിരുന്ന സുള്ളി 2019-ൽ ജീവനൊടുക്കിയത് ലോകമെമ്പാടുമുള്ള ആരാധകരെ നടുക്കിയ സംഭവമായിരുന്നു. സ്വന്തം വസ്ത്രധാരണത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന കടുത്ത അധിക്ഷേപങ്ങളാണ് 25-ആം വയസ്സിൽ താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. സുള്ളിയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം അവരുടെ അടുത്ത സുഹൃത്തും പ്രമുഖ കെ-പോപ് താരവുമായ ഗൂ ഹരയും സമാനമായ രീതിയിൽ ഇന്റർനെറ്റിലെ വ്യക്തിഹത്യയും വ്യാജ പ്രചരണങ്ങളും കാരണം കടുത്ത വിഷാദത്തിലാവുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ, നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രശസ്തയായ ജാപ്പനീസ് പ്രൊഫഷണൽ റെസ്ലർ ഹന കിമുറ 2020-ൽ 22-ആം വയസ്സിൽ ആത്മഹത്യ ചെയ്തു. റിയാലിറ്റി ഷോയിലെ ഒരു രംഗത്തെച്ചൊല്ലി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഹനയ്ക്കെതിരെ അധിക്ഷേപ സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതുകൂടാതെ, ചൈനയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ലൈവ് സ്ട്രീമർമാരും ടിക് ടോക് താരങ്ങളും സൈബർ ബുള്ളയിംഗിനും ഓൺലൈൻ അധിക്ഷേപങ്ങൾക്കും ഇരയായി ജീവനൊടുക്കിയ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഡിജിറ്റൽ ഇടങ്ങളിലെ കൂട്ട ആക്രമണങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ എത്രത്തോളം മാരകമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ദുരന്തങ്ങളെല്ലാം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

