Thursday, May 9, 2024
spot_img

കഫ്സിറപ്പിനു പിന്നാലെ ഐഡ്രോപ്പും ?? അമേരിക്കയിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് ഉപയോഗിച്ച ഒരാൾ മരിച്ചെന്നും ഒരാളുടെ കാഴ്ചപോയെന്നും ആരോപണം

ചെന്നൈ : ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെത്തുടർന്ന് അമേരിക്കയിലെ ഒരാൾ മരിക്കുകയും മറ്റൊരാൾക്കു കാഴ്ച നഷ്ടമായെന്നും ആരോപണം. ഇതിനെത്തുടർന്ന് ചെന്നൈ ആസ്ഥാനമായ മരുന്നുകമ്പനിക്ക് അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തി.

ഗ്ലോബൽ ഫാർമ‍ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. കണ്ണ് വരണ്ടതാകുമ്പോൾ കൃത്രിമ കണ്ണുനീരായി ഉപയോഗിക്കുന്ന തുള്ളിമരുന്നാണു അപകടകാരിയായി മാറിയത് . സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് കമ്പനിയുടെ ആസ്ഥാനത്തു കേന്ദ്ര ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെയും തമിഴ്നാട് ഡ്രഗ് കൺട്രോളറടെയും നേതൃത്വത്തിൽ പരിശോധന നടന്നു. ഇവിടെ നിന്നും അമേരിക്കയിലേക്ക് അയച്ച ബാച്ചിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. അമേരിയ്ക്കയിലെ സാംപിളുകൾ ഉടൻ തന്നെ പരിശോധനയ്ക്കായി ഇന്ത്യയിലെത്തിക്കും.

മരുന്നിനെ പ്രതിരോധിക്കുന്ന ഒരു തരം ബാക്ടീരിയ തുള്ളിമരുന്നിൽ കലർന്നതാണ് അപകടങ്ങൾക്കിടയാക്കിയത് എന്നാണ് അമേരിക്കൻ ആരോഗ്യവിഭാഗം പറയുന്നത്. ഈ മരുന്നുമായി ബന്ധപ്പെട്ട് നിലവിൽ 55 അപകട സംഭവങ്ങളാണ് അമേരിക്കയിലുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗ്ലോബൽ ഫാർമയുടെ എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്സ് ഐ ഡ്രോപ്സ് (EzriCare Artificial Tears Eye Drops) ആണ് ഉപയോഗിച്ച ചിലരിൽ പ്രശ്നമുണ്ടാക്കിയത്. തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകൾ എന്നിവിടങ്ങളിൽ വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചെന്നാണു റിപ്പോർട്ട്. അതെ സമയം മരുന്ന് നിർമാണത്തിനും കയറ്റുമതിക്കും ആവശ്യമായ അനുമതികൾ കമ്പനിക്ക് ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles