Saturday, May 4, 2024
spot_img

വട്ടച്ചിറ കോളനിയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറി‌ഞ്ഞു; ഭീകരർ ഉടൻ പിടിയിലാകുമെന്ന് സൂചന

കോടഞ്ചേരി: വട്ടച്ചിറ ആദിവാസി കോളനിയിൽ എത്തിയ ആയുധധാരികളായ മാവോയിസ്റ്റുകളെ കോടഞ്ചേരി പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ദിവസങ്ങൾക്കു മുന്പാണ് വട്ടച്ചിറ വനവാസി കോളനിയിൽ മാവോയിസ്റ്റുകളെത്തിയതായി റിപ്പോർട്ട് പുറത്തുവന്നത്. ആയുധധാരികളായ ഭീകരരെത്തി ജനങ്ങളെ ഭീഷണിപ്പെടുത്തി ഭക്ഷ്യവസ്തുക്കൾ കടത്തിക്കൊണ്ടു പോകുന്നതായി കോളനിവാസികൾ പോലീസിൽ പരാതിയും നൽകിയിരുന്നു.

തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രദേശവാസികളെ ഫോട്ടോ കാണിച്ചതിൽ നിന്നാണ് ജയണ്ണ, കോട്ട ഹോണ്ട രവി, സന്തോഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ഇക്കഴിഞ്ഞ പതിനാറാം തീയതി രണ്ട് തവണയാണ് കമ്മ്യൂണിസ്റ്റ് ഭീകരർ എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം എത്തിയത്. കോളനിക്കാരുടെ പ്രശ്‌നങ്ങളും, കുടിവെള്ളത്തിന്റെ പ്രശ്‌നങ്ങളും ഇവർ ചോദിച്ചതായും കോളനിവാസികൾ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കോളനിയിലെ വെള്ളന്റെ മകൻ ബാബുവിന്റെ വീട്ടിലാണ് മാവോയിസ്റ്റുകൾ എത്തിയത്. വർഗീസ്, രാജ, മനോജ്‌ എന്നാണ് സംഘാംഗങ്ങൾ സ്വയം പരിചയപ്പെടുത്തിയത്. അഞ്ച് കിലോ അരിയും കുറച്ചു തക്കാളിയും വാങ്ങിയാണ് സംഘം ബാബുവിന്റെ വീട്ടിൽ നിന്ന് മടങ്ങിയത്. രാത്രി ഒൻപത് മണിയോടെ സുരേഷിന്റെ വീട്ടിലും ഇവരെത്തി. അവിടെ നിന്ന് രണ്ടു കിലോയോളം അരിയും കുറച്ചു തക്കാളിയും വാങ്ങി. കറുത്ത ശീലയുള്ള കുടയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മേഖലയിൽ ഇത് ആദ്യത്തെ സംഭവമല്ല, ഇതിനുമുൻപും കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിട്ടുണ്ട്.

Related Articles

Latest Articles