Monday, April 29, 2024
spot_img

മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി മരണം നാലായി. കരിപ്പൂരില്‍ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലം തെന്മല നാഗമലയില്‍ വയോധികന്‍ തോട്ടില്‍ വീണും മരിച്ചു. തിരുവനന്തപുരം ജില്ലയിൽ രാത്രി മുഴുവൻ മഴ തുടർന്നു. പേപ്പാറ ഡാമിന്‍റെ നാലു ഷട്ടറുകളും ഉയർത്തി. അരുവിക്കര ഡാമിന്‍റെ ആറു ഷട്ടറുകളിൽ നാലെണ്ണം ഉയർത്തി. നെയ്യാർ ഡാമിന്‍റെയും നാല് ഷട്ടറുകൾ ഉയർത്തി. വിഴിഞ്ഞത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നത് വിലക്കി.

കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിൻ്റെ മകൾ സുമയ്യ – അബു ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ വെള്ളം കയറി. മിഠായി തെരുവിലെ നിരവധി കടകളിൽ വെള്ളം കയറി. നടക്കാവ് കാട്ടുവയൽ കോളനിയിൽ 40 ലധികം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ ഒന്നുമായില്ല. എറണാകുളം ഇടമലയാര്‍ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. ആലുവ ശിവക്ഷേത്രത്തിന്‍റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് അതിരപ്പള്ളി റോഡ് അടച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. അട്ടപ്പാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാറ കഷ്ണങ്ങൾ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. മഴ ശക്തമായി തുടർന്നാൽ ചുരത്തിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

Related Articles

Latest Articles