Friday, May 17, 2024
spot_img

നിർമിച്ചത് ചൈനീസ് കമ്പനി;പണിപൂര്‍ത്തിയാകുന്നതിന് മുന്നെ തുറന്നുകൊടുത്തെന്ന് ആരോപണം;ഉദ്ഘാടനം കഴിഞ്ഞ് പതിനഞ്ചാം ദിവസം നേപ്പാളിന്റെ കണ്ണീരായി പൊഖാറ വിമാനത്താവളം

കാഠ്മണ്ഡു: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയുന്ന വേളയിലാണ്‌ നേപ്പാളിലെ പൊഖാറ വിമാനത്താവള പരിസരം നേപ്പാൾ ജനതയുടെ കണ്ണീരിൽ നനഞ്ഞത്. ചൈനയുടെ പങ്കാളിത്തത്തിൽ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനംപുതുവത്സര ദിനത്തിലായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാകുന്നതിന് മുന്നെയാണ്‌ വിമാനത്താവളം തുറന്നുകൊടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ചൈനയുടെ ബെല്‍ട്ട് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി സി.എ.എം.സി. എന്‍ജിനീയറിങ്ങിനായിരുന്നു വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായതായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേപ്പാളിനെ അറിയിക്കുകയും തുടര്‍ന്ന് പുതുവത്സര ദിനത്തിൽ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദാഹല്‍ വിമാനത്താവളം തുറന്നുനല്‍കുകയുമായിരുന്നു.

2014-ലാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍ ചൈനീസ് കമ്പനിക്ക് ലഭിക്കുന്നത്. അതിനു മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 2017-ല്‍ ജൂലായില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. 1400 കോടിയോളം രൂപ ചെലവിലാക്കിയാണ് വിമാനത്താവളം നിര്‍മിച്ചത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനു പിന്നാലെ നേപ്പാളിലെ റെയില്‍വേ നിര്‍മാണത്തിനും മറ്റു പദ്ധതി പ്രവൃത്തികള്‍ക്കും പ്രധാനമന്ത്രി ചൈനയുടെ സഹകരണം തേടിയിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി പറന്ന യെതി എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 68 പേര്‍ മരിച്ചു. കാഠ്മണ്ഡുവില്‍നിന്ന് പുറപ്പെട്ട വിമാനം പൊഖാറയില്‍ ലാന്‍ഡ് ചെയ്യാനിരിക്കേയാണ് അപകടം. ദുഃഖാചരണത്തിന്റെ ഭാഗമായി നാളെ നേപ്പാളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

Related Articles

Latest Articles