Thursday, October 15, 2026

ഭാവന കലർത്തി പറഞ്ഞതായിരുന്നു .. ബാലറ്റ് തുറന്നുനോക്കിയിട്ടില്ല .. മലക്കംമറിഞ്ഞ് ജി. സുധാകരന്‍

പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവന വയ്യാവേലിയായി മാറിയിരിക്കെ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് ജി. സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും അദ്ദേഹം സിപിഐയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

“പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. ഞാന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല’- സുധാകരന്‍ പറഞ്ഞു.

ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലെത്തി തഹസിൽദാർ മൊഴിയെടുത്തിരുന്നു. നേരത്തെ ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തിയത്. വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി. സുധാകരനെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.

ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നും വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നാണ് സുധാകരന്‍ പറഞ്ഞത്.

സുതാര്യമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരുസ്ഥാനാര്‍ഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്.

Related Articles

Latest Articles