Wednesday, May 8, 2024
spot_img

നാണക്കേടായി…വെറും മിസ്റ്റർ മരുമകനായല്ലോ;ഭാവി മുഖ്യന്റെ നില ആശങ്കയിൽ !

മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമം നടക്കുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയമായ ബാധ്യത സിപിഎമ്മിന്റെ എല്ലാ മന്ത്രിമാർക്കും ഉണ്ടെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരാമർശം ഇപ്പോൾ ഭാവി മുഖ്യന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. മാത്രമല്ല, റിയാസ് ഇത്തരത്തിൽ ഒരു പരാമർശം നടത്തേണ്ടതില്ലായിരുന്നു എന്ന അഭിപ്രായമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഉള്ളത്. പ്രസ്താവനയിലൂടെ താൻ മാത്രമല്ല റിയാസും പ്രതിസന്ധിയിലായെന്ന് മുഖ്യന് മനസ്സിലായിട്ടുണ്ട്. എല്ലാ മന്ത്രിമാരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്ന ഒരൊറ്റ നേട്ടം മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സ്വന്തം പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം. രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്.

നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. എന്നാൽ കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നതാണ് പാർട്ടി നിർദേശമെന്നാണ് റിയാസ് പറഞ്ഞത്. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ആരും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങിയിരുന്നു. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ അകപ്പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.

എന്തിനേറെ പറയുന്നു…എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ എം.എം. മണിക്ക് വലിയ വിഷമമാണുള്ളത്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഇപ്പോൾ മന്ത്രിമാർക്കുള്ളത്. എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തിൽ സർക്കാർ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാർക്കോ പാർട്ടി സംവിധാനങ്ങൾക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്. എന്തായാലും കഴിഞ്ഞ ഏതാനും നാളുകളായി പറയാൻ ബാക്കി വച്ചതാണ് റിയാസ് ഇപ്പോൾ പറഞ്ഞത്. മുഹമ്മദ് റിയാസിന്റെ പരാമർശം പാർട്ടി നേതൃത്വത്തിലും സിപിഎം ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ്. അതേസമയം, മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തിയിട്ടുണ്ട്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും റിയാസ് പരോക്ഷ പരാമർശം നടത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഗോവിന്ദൻ മാഷിനെ പോലെയല്ലെന്നാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന ഘട്ടങ്ങളിലെല്ലാം കോടിയേരി പത്രസമ്മേളനം നടത്തി അദ്ദേഹത്തിൻ്റെ പിന്നിൽ ഉറച്ചു നിന്നിരുന്നു. എന്നാൽ ഗോവിന്ദൻ പത്രസമ്മേളനങ്ങൾ നടത്തുന്നതു പോലും കുറവാണെന്ന ആരോപണമാണ് റിയാസ് പറയാതെ പറഞ്ഞു വച്ചത്. ഏതായാലും വരും ദിവസങ്ങളിൽ റിയാസിൻ്റ കാര്യത്തിൽ ചില തീരുമാനങ്ങൾ ഉണ്ടാകും. റിയാസ് സഖാവ് എന്ന സി പി എം നേതാവ് മിസ്റ്റർ മരുമകനായി ചുരുങ്ങി എന്ന അഭിപ്രായമാണ് ഇപ്പോൾ എല്ലാ നേതാക്കന്മാർക്കും ഉള്ളത്.

Related Articles

Latest Articles