Friday, October 2, 2026

ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം പുരി ജഗനാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു; ആദ്യഘട്ടത്തില്‍ പ്രവേശനം പ്രദേശവാസികള്‍ക്ക് മാത്രം

ഭുവനേശ്വര്‍: ഒഡീഷയിലെ പുരീ ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് പ്രവേശനം നല്കുന്നത്. ഡിസംബര്‍ 31 വരെ പ്രദേശവാസികള്‍ക്ക് ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കാണിച്ച്‌ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പുരി ജില്ലാ ഭരണകൂടം അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ ജനുവരി മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കുന്നതല്ല. കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ശേഷം മാർച്ച് മാസം തന്നെ ക്ഷേത്രം അടച്ചിരുന്നു. നിത്യപൂജകൾ മുടങ്ങാതിരിക്കാൻ ക്ഷേത്രത്തിലെ പൂജാരിമാരെയാണ് പ്രവേശിപ്പിച്ചിരുന്നത്. 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്തരുടെ തിരക്കില്ലാതെയാണ് രഥയാത്ര ജൂണിൽ നടത്തപ്പെട്ടത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത പുരി ജഗന്നാഥ ക്ഷേത്രം വാസ്തുവിദ്യകൊണ്ടും വ്യത്യസ്തമായ ചടങ്ങുകള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ക്ഷേത്രമാണ്. ഇവിടെ നടക്കുന്ന രഥോത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്താറുള്ളത്. പാണ്ഡവരുടെ യമപുരിയിലേക്കുള്ള യാത്രാമദ്ധ്യേ സപ്തഋഷിമാര്‍ മോക്ഷം ലഭിക്കാന്‍ ചാര്‍ദാം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ഉപദേശിച്ചിരുന്നു. നാലു ക്ഷേത്രങ്ങളാണ് ചാര്‍ദാം എന്നറിയപ്പെട്ടത്. ഇതില്‍ ഒന്നായിരുന്നു പുരിയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രധാന താഴികക്കുടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പതാക എപ്പോഴും കാറ്റില്‍ പാറിപ്പറക്കുന്നതു കാണാം. എന്നാല്‍ വിചിത്രമായ സംഭവം എന്തെന്നാല്‍ ഈ പതാക പറക്കുന്നത് കാറ്റിന്റെ എതിര്‍ദിശയിലാണ്. ഇതിന് പിന്നിലുള്ള രഹസ്യം ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല. നിഴലില്ലാത്ത ക്ഷേത്രമാണ് ജഗനാഥ ക്ഷേത്രം. പകല്‍ ഒരു സമയവും ക്ഷേത്രത്തിന്റെ നിഴല്‍ കാണാനാവില്ല എന്നത് വിചിത്രമായ സംഭവമാണ്. രാവിലെയും വൈകുന്നേരവും ഒന്നും നിഴല്‍ കാണാനാവില്ല. ഇതിന് പിന്നിലുള്ള രഹസ്യവും ആര്‍ക്കുമറിയില്ല. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയെന്ന് ചിലര്‍ പറയുമ്പോള്‍ ദൈവീക ശക്തിയാണ് നിഴല്‍ വരാത്തതിന് പിന്നിലെന്ന് ചിലര്‍ വാദിക്കുന്നു. സത്യം ഇപ്പോഴും നിഗൂഢമായി തുടരുന്നു.

Related Articles

Latest Articles