2024 ഓടെ രാജ്യത്തെ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് “ജൽ ജീവൻ മിഷൻ പദ്ധതി”(Jal Jeevan Mission In India). 2019ൽ ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ലക്ഷം കോടിരൂപയുടേതാണ് പദ്ധതി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേർന്നുള്ള പദ്ധതിയാണ് ഇതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പകുതിയോളം ജനങ്ങൾ കുടിവെള്ളം ലഭിക്കാൻ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇത് വലിയൊരു പ്രതിസന്ധിയാണ്. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ഈ പദ്ധതി കേന്ദ്രം നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഇതുവരെ രാജ്യത്തെ 9 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധമായ ജലവിതരണത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ പകുതിയോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു. അവരുടെ ദിവസത്തിൽ പകുതിയോളം കുടിവെള്ളം ശേഖരിക്കാനായി വിനിയോഗിക്കേണ്ടി വരുന്നു. അതിനാൽ ഈ കേന്ദ്രസർക്കാർ അവർക്കുവേണ്ടി ചിന്തിക്കുകയും അവർക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും ചെയ്തുവെന്ന് മോദിജി പറഞ്ഞിരുന്നു. ഇത് വെറുമാരു സർക്കാർ പദ്ധതി മാത്രമല്ല. സ്വച്ഛ് ഭാരത് പോലെ ജനങ്ങളുടെ പദ്ധതിയായിരിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിനു മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റുമാരും ഈടാക്കുന്നുണ്ട്. ഈ വാങ്ങുന്ന പണത്തിന് പലസ്ഥലങ്ങളിലും കൃത്യമായ രേഖകളോ രസീതോ നൽകാറില്ല. ഇത്തരത്തിൽ പുതിയ വാട്ടർ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താക്കൾ പല ഇനത്തിലും കബളിപ്പിക്കലിന് ഇരയാകാറുണ്ട്. ഇത്തരം അനധികൃത ആളുകൾ പല ഇനത്തിലും അമിത തുകകൾ ഈടാക്കുന്നതിനാൽ അത്യാവശ്യക്കാരായ ആളുകൾ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിനു മടിച്ചു നിൽക്കുകയാണ്. എന്നാൽ ജൽ ജീവൻ മിഷൻ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ തുച്ഛമായ 10% അതായത് 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്.
ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഉള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും. കേന്ദ്ര മാനദണ്ഡമനുസരിച്ച് ഈ പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിനെയോ വാർഡ് മെമ്പറേയോ സമീപിച്ച് അപേക്ഷ നൽകുക . സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റി യുടെ നമ്മുടെ പഞ്ചായത്തിന്റെ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയറെ സമീപിക്കുക. അല്ലെങ്കിൽ അതോറിറ്റി ട്രോൾ ഫ്രീ നമ്പറായ 1916 ൽ ബന്ധപ്പെടുക.

