ശ്രീനഗര്‍: ജമ്മു കാശ്മീരിൽ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിനു വിലക്ക്. പാക് അധിനിവേശ കാശ്മീരിൽ നിന്ന് ജമ്മു കാശ്മീലേയ്ക്കുള്ള വ്യാപാരമാണ് ആഭ്യന്തരമന്ത്രാലയം വിലക്കിയത്.
നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. വ്യാപാരം മറയാക്കി പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില തീവ്രവാദ സംഘടനകൾ ആയുധങ്ങളും കള്ളനോട്ടും കടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ആയുധ കൈമാറ്റം, കള്ളനോട്ട് കടത്ത് എന്നിവയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരത്തിനായി നിയന്ത്രണരേഖ അനുവദിക്കണമോയെന്ന വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

