Tuesday, November 10, 2026

തിരിച്ചടി തുടങ്ങി: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീറിലേ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിൽ നടന്ന വ്യത്യസ്തങ്ങളായ രണ്ട് ഏറ്റുമുട്ടലുകളിൽ വിവിധ ഭീകര സംഘടനകളിൽ പെട്ട ഭീകരരെയാണ് സൈന്യം വധിച്ചത്. ഷഫാത് മുസാഫർ സോഫി എന്ന ഭീകരനും ലഷ്കർ ഭീകരനായ ഉമർ നബിയുമാണ് കൊല്ലപ്പെട്ടത്.

നേരത്തെ അവന്തിപൊരയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ജമ്മു കശ്മീർ പൊലീസുമായി ചേർന്ന് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 6.45ഓടെ അരിഗാം ഗ്രാമത്തിൽ പരിശോധന നടത്തുകയായിരുന്നു.

ഇതിനിടയിൽ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തി. ഇതിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ 8.40ന് മറ്റൊരു പരിശോധന സ്ഥലത്ത് നടന്ന സമാനമായ ഏറ്റുമുട്ടലിലാണ് രണ്ടാമത്തെ ഭീകരൻ കൊല്ലപ്പെട്ടത്. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കശ്മീരിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടക്കുന്നു എന്ന വാർത്ത എത്തിയിരുന്നു. മൂന്ന് തവണ ഭീകരാക്രമണം ഉണ്ടായി. ശ്രീനഗറിലുണ്ടായ ഭീകരരുടെ ആക്രമണത്തിൽ, ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.

പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് സിആർപിഎഫ് ട്രൂപ്പറുകൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. എന്നാൽ ഒരു സൈനികൻ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെയാൾ സുഖം പ്രാപിച്ചു വരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഷോപ്പിയാനിൽ, ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചോതിഗാം ഗ്രാമത്തിൽ, ഒരു വ്യാപാര സ്ഥാപനം നടത്തിവന്നിരുന്ന ബാലകൃഷ്ണ എന്നയാൾക്കാണ് ഭീകരുടെ വെടിയേറ്റത്. എന്നാൽ കൈകാലുകളിൽ വെടിയേറ്റെങ്കിലും, ഇയാളുടെ പരിക്ക് ഗുരുതരമല്ല. മൂന്നാമത്തെ ഭീകരാക്രമണം നടന്നത് പുൽവാമയിൽ ആണ്. ഭീകരരുടെ ആക്രമണത്തിൽ, ബിഹാറി സ്വദേശികളായ രണ്ട് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഈ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ സൈന്യം തിരിച്ചടിക്കാനായി ഇറങ്ങിയിരിക്കുന്നത്. ഭീകരാക്രമണം തടയാനായി വലിയ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്.

Related Articles

Latest Articles