Saturday, September 19, 2026

ജോജുവിന്റെ കാര്‍ ആക്രമിച്ച സംഭവം; പ്രതികളായ കോണ്‍ഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങിയേക്കും

കൊച്ചി: നടൻ ജോജുവിന്റെ കാര്‍ ആക്രമിച്ച (Actor Joju Car Attack Case)കേസിൽ പ്രതികള്‍ ഇന്ന് കീഴടങ്ങുമെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കൾ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കുമെന്നാണ് വിവരം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നത്. സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുകയെന്നാണ് വിവരം. കേന്ദ്രം ഇന്ധന വില കുറച്ചുവെങ്കിലും വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രഹസന സമരവുമായി കോൺഗ്രസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഇന്ധന വിലവര്‍ധനവ് എന്ന പേരിൽ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് (Youth Congress) നടത്തിയ പ്രഹസന സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർക്കുകയായിരുന്നു.

അതേസമയം കാര്‍ ആക്രമിച്ച കേസില്‍ ഇതുവരെ രണ്ടു പേര്‍ അറസ്റ്റിലായി. പ്രശ്‌നം ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജോജു അസഭ്യം പറഞ്ഞെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ഒരു സാധാരണ പൗരന്റെ വികാരമാണ് പ്രകടിപ്പിച്ചതെന്നും, അല്ലാതെ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പ്രതികരിച്ചു. ഇതിനുപിന്നാലെ താരത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.

Related Articles

Latest Articles