Sunday, April 28, 2024
spot_img

മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ ചാടിപിടിത്തം; മലപ്പുറത്തെ മുള്ളന്‍കൊല്ലി വേലായുധന്‍മാരെ കൈയ്യോടെ പിടികൂടാനൊരുങ്ങി പോലീസ്

മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ ചാടിപിടിച്ചെടുക്കുന്ന വേലായുധൻ മോഹൻലാലിനെ മാത്രമേ എല്ലാവർക്കും അറിയാൻ സാധ്യതയുള്ളൂ. എന്നാൽ, അതിലും അപകടകരമാം വിധം പുഴയില്‍ ചാടി മരത്തടികള്‍ പിടിക്കുന്ന മലപ്പുറത്തെ ചില മുള്ളന്‍കൊല്ലി വേലായുധന്‍മാരുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ഇത്തരകാർക്കെതിരെ നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്. മലപ്പുറത്ത് ‘മുള്ളന്‍കൊല്ലി വേലായുധന്‍മാര്‍’ കൂടിയതോടെ കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചാടി ജീവന്‍ അപകടത്തിലാക്കി മരത്തടികള്‍ സാഹസികമായി പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വീഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍ നരന്‍ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രമായ മുള്ളന്‍ കൊല്ലി വേലായുധന്റെ സാഹസികതകള്‍ അനുകരിക്കുകയാണ് ചില ചെറുപ്പക്കാര്‍. പാലത്തില്‍ നിന്നും കയര്‍ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങള്‍ പിടിച്ചു കെട്ടാനുള്ള ശ്രമമാണ്. ജീവന്‍ പണയം വച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്തോടെ കര്‍ശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകള്‍ രംഗത്തെത്തി. മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ്‌ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതര്‍ അറിയിച്ചു. പുഴയില്‍ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാന്‍ പോകരുതെന്നും മീന്‍ പിടിക്കുന്നതിന് വേണ്ടി പുഴയില്‍ ഇറങ്ങരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles