Monday, January 12, 2026

കെ റെയിൽ കേരളത്തിന്റെ നന്ദിഗ്രാം ആകുമോ?

എന്തു വന്നാലും സിൽവർ ലൈൻ നടപ്പിലാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് പിണറായി വിജയൻ ഭരണകൂടം. എന്നാൽ പദ്ധതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കക്ക് മറുപടി പറയാനുമില്ല. എതിർക്കുന്നവരെ സർക്കാർ വികസന വിരോധികളായും സംസ്ഥാന ദ്രോഹികളായും പ്രഖ്യാപിക്കുന്നു. ഒരു തരത്തിൽ ധാർഷ്ട്യത്തിന്റെ സ്വരമാണ് ഈ വിഷയത്തിൽ സർക്കാരിന്. പാർട്ടിയാകട്ടെ നാടൊട്ടുക്കും വിശദീകരണ യോഗങ്ങൾ നടത്തുകയാണ്ക. പക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പദ്ധതി സംസ്ഥാനത്തിന് ഉണ്ടാക്കിവക്കുന്ന സാമ്പത്തിക ബാധ്യത യെ കുറിച്ച് വിശദീകരണമില്ല. ഒന്നുറങ്ങിയെണീക്കുമ്പോൾ മുറ്റത്ത് മഞ്ഞക്കല്ല് കണ്ടുഞെട്ടുന്ന ഭാവിയിൽ കുടിയിറങ്ങേണ്ടി വരുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കകൾക്ക് വിശദീകരണമില്ല. പൊതുവെ പരിസ്ഥിതി ലോലമായ സംസ്ഥാനത്ത് ഈ വലിയ നിർമ്മിതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ വിശദീകരണമില്ല. സ്ഥലമേറ്റെടുക്കാതെ ജനങ്ങളുടെ ഭൂമിയിലേക്ക് അതിക്രമിച്ചു കയറുന്ന സർക്കാർ നിലപാട് നിയമ വിരുദ്ധമെന്ന് കോടതിപോലും പറഞ്ഞുകഴിഞ്ഞു. പക്ഷെ എല്ലാ എതിർപ്പുകളെയും ധാർഷ്ട്യത്തോടെ നേരിടാനുള്ള തീരുമാനത്തിൽ തന്നെയാണ് സർക്കാർ ഇപ്പോഴും. സിപിഎം നേതാവ് ജയരാജന്റെ പ്രസ്താവന ഇതിനൊരു ഉദാഹരണമാണ്സി. ൽവർ ലൈനിന് വേണ്ടി ഇട്ട കല്ല് പിഴുതെറിയാൻ വരുന്നവർ സ്വന്തം പല്ലു പോകാതെ സൂക്ഷിക്കണം എന്ന് ജയരാജൻ പറഞ്ഞത് കേട്ടപ്പോൾ നന്ദിഗ്രാം പ്രക്ഷോഭസമയത്ത് അന്നത്തെ സിപിഎം മുഖ്യമന്ത്രി ആയിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞ ഒരു വാചകം ഓര്മ വരുന്നു. നന്ദിഗ്രാമിലെ പാവപ്പെട്ട ജനങ്ങൾ ഭൂമി ഏറ്റെടുക്കുന്നതിനെ ചെറുത്തു കൊണ്ട് കമ്യുണിസ്റ്റ് ഗുണ്ടകളെ അടിച്ചോടിച്ചു. ആദ്യം അവർ സംഘടിച്ചപ്പോൾ ബുദ്ധദേബ് പോലീസിനെ കൊണ്ട് നിറയൊഴിപ്പിച്ച് 14 പാവപ്പെട്ടവരെ കൊന്നൊടുക്കി. എന്നിട്ടും പാവങ്ങൾ അവരുടെ ഏക സമ്പത്തായ കൃഷി ഭൂമി ഒഴിഞ്ഞു പോകാതെ പിടിച്ചു നിന്നപ്പോൾ ബുദ്ധദേബ് അവിടെ പോലീസിനെ വിന്യസിച്ച് കമ്യുണിസ്റ്റ് ഗുണ്ടകളെ കൊണ്ട് ആ നാട്ടിൽ ബലാൽസംഗം,തീ വെക്കൽ അടക്കമുള്ള ഹീനമായ നരവേട്ട നടത്തി. അത് ചില വിദേശ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തപ്പോളും ക്രമസമാധാന തകർച്ചയെന്ന് കൊൽക്കത്ത ഹൈക്കോടതി പറഞ്ഞപ്പോളും ബുദ്ധദേബ് കുലുങ്ങിയില്ല.പോളിറ്റ് ബ്യുറോയിലെ മൂത്ത കമ്യുണിസ്റ്റുകളുടെ പിന്തുണ കിട്ടിയ ബുദ്ധദേബ് പറഞ്ഞത് “അവർക്ക് അവരുടെ അതേ നാണയത്തിൽ തിരിച്ചടി കൊടുത്തു “എന്നാണ്.


പിന്നീട് ഉണ്ടായത് ചരിത്രം. ബുദ്ധദേബിന് പോലും തുണിയില്ലാതെ റൈറ്റർസ് ബിൽഡിങ്ങിൽ നിന്ന് ഇറങ്ങിയോടേണ്ടി വന്നു. ഇപ്പോൾ ചുവന്ന കൊടി മുണ്ടിനടിയിൽ തിരുകിയില്ലെങ്കിൽ അടി കിട്ടുന്ന അവസ്ഥ ആണ്. ഒരിക്കൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ മൂന്നു ദശാബ്ദം ബംഗാൾ ഭരിച്ച പാർട്ടിക്ക് നിയമസഭയിൽ മൂന്ന് സീറ്റ് പോലുമില്ല. നമ്മുടെ വീടിനടുത്ത് കോഴിയെ വെട്ടി ജീവിക്കുന്ന,പൊറോട്ട അടിക്കുന്ന ബംഗാളി ചിലപ്പോൾ ബംഗാളിലെ ജില്ലാ സെക്രെട്ടറി ആകാനിടയുണ്ട് എന്നൊരു തമാശയുണ്ട് നാട്ടിൽ.
ചരിത്രത്തിന്റെ ചുവരെഴുത്ത് പല്ല് എണ്ണുന്നതിന് മുൻപ് ജയരാജന്മാരുടെ കിങ്കരന്മാർ വായിച്ചാൽ ഭാവിയിൽ പൊറോട്ട അടിക്കാൻ കേരളം വിടേണ്ടതിൽ നിന്ന് രക്ഷപെടാൻ സാധിച്ചേക്കും. അത്രയേ പറയാനുള്ളൂ.

Related Articles

Latest Articles