Friday, April 26, 2024
spot_img

അയ്യന്റെ മണ്ണിനു കാവലാളാകാൻ സുരേന്ദ്രൻ ;ഇത് കാലത്തിന്റെ കാവ്യനീതി

ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ 22 ദിവസത്തെ ജയിൽ വാസവും പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്കും നേരിട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഒടുവിൽ പത്തനംതിട്ട ലോകസഭാ മണ്ഡലം പ്രതിനിധീകരിക്കുവാൻ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ആയി വരുമ്പോൾ അതിലൊരു കാവ്യനീതിയുണ്ട്.

നിരവധി പോരാട്ടങ്ങളിലൂടെയാണ് ഈ യുവനേതാവിന്റ്റെ പൊതുജീവിതം എന്നും നീങ്ങിയിട്ടുള്ളത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ സുരേന്ദ്രൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്.

ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർത്ഥി പരിഷത്തിന്റെ സജീവപ്രവർത്തകനായി മാറി.

ഭാരതീയ ജനതാ യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെയും, വാക്പയറ്റിലൂടെയും കേരളത്തിൽ മാറി മാറി വന്ന ഇടത്- വലത് മുന്നണികളെ അദ്ദേഹം സമ്മർദ്ദത്തിലാക്കി.

യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവർത്തനം രാഷ്ട്രീയത്തിനധീതമായ പ്രശംസയും നേടി കൊടുത്തു.

കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടൽ ഫോർ യു തട്ടിപ്പ്, മലബാർ സിമന്റ്സ് അഴിമതി, സോളാർ തട്ടിപ്പ് തുടങ്ങിയ അഴിമതികൾക്കെതിരെയുള്ള സമരപരമ്പരകളിൽ നേതൃപാടവം തെളിയിച്ച സുരേന്ദ്രൻ കേരളത്തിലെ തെരുവുകളിൽ അഗ്നി പടർത്തി.

യുവമോർച്ചയിൽ നിന്നും ബി.ജെ.പിയിലെത്തിയ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലും മികച്ച പ്രവർത്തനമാണ് നടത്തിയത്.

പൊതു രാഷ്ട്രീയ സംഭവവികാസങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന സുരേന്ദ്രൻ സോഷ്യൽ മീഡിയയിലെ സംഘപരിവാർ ബ്രിഗേഡിന്റെ തലവനാണ്.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം മാദ്ധ്യമ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്.

ലോക്സഭയിലേക്ക് കാസർഗോഡ് മണ്ഡലത്തിൽ നിന്നും രണ്ട് തവണയും, നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് പരാജയപ്പെട്ടത്.

ശബരിമല സമരത്തിൽ 22 ദിവസം ജയിൽവാസമനുഷ്ഠിച്ചതോടെ സുരേന്ദ്രൻ ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരനായ ആശ്രയമായി മാറി.

കെ.എസ് എന്നത് ഇന്നൊരു ഒരു ബ്രാൻഡാണ്. അങ്ങനെ മാറാൻ കാരണമായത് ശബരിമല സമരത്തിലെ നിറസാന്നിധ്യമാണ്. കൊടും വനത്തിലൂടെ രണ്ടു ദിവസം നടന്നു ചിത്തിര ആട്ടവിശേഷത്തിന് പോലീസിന്റ്റെ കണ്ണു വെട്ടിച്ച് സന്നിധാനത്ത് എത്തിയത് ശബരിമല സമരത്തിലെ ഐതിഹാസികമായ ഒരേടാണ്.

ഇന്ന്, കാനനവാസനായ ശബരീശന്റ്റെ നിറസാന്നിദ്ധ്യമുള്ള മണ്ഡലത്തിന് കാവലാളാകാൻ, സുരേന്ദ്രൻ എത്തുമ്പോൾ, എതിരാളി ആരെന്ന് നോക്കാതെ, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും, ബിജെപി കേരളം ഘടകം പ്രതീക്ഷിക്കുന്നുമില്ല.

Related Articles

Latest Articles