Wednesday, May 8, 2024
spot_img

കലാപ സാഹചര്യമുണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്; അക്രമം ഭരണസിരാ കേന്ദ്രത്തിനടുത്ത്; ആഭ്യന്തര വകുപ്പ് പൂർണ പരാജയം, തുറമുഖ വിരുദ്ധ സമരക്കാരോട് ഭരണകൂടത്തിന് മൃദുസമീപനം: വിഴിഞ്ഞം കലാപത്തിൽ പ്രതികരണവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണിക്കൂറുകൾ നീണ്ട സംഘർഷം പോലീസിനെയും സമരത്തെ എതിർക്കുന്നവരെയും വലച്ചിരിക്കുകയാണ്. ഇപ്പോഴിതാ, കലാപത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്.

വിഴിഞ്ഞത്ത് കലാപ സാഹചര്യമുണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടുത്ത് നടക്കാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാരിലെ ഒരു വിഭാഗമാളുകൾ സമരക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ചിലർ ജനങ്ങൾക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനമാണ് കൈകൊണ്ടത്. വേണ്ടത്ര പോലീസിനെ വിഴിഞ്ഞത്ത് വിന്യസിച്ചില്ല. ഒടുവിൽ സമരം കലാപമായി മാറി. ഇത് സർക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം പോലീസിന്റെ കൺമുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാർ പദ്ധതിയെ അനുകൂലിക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടുവെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഗ്രനേഡ് പ്രയോഗിച്ച് സ്‌റ്റേഷന് സമീപത്ത് നിന്നും പോലീസ് നീക്കിയ സമരാനുകൂലികൾ അമ്പത് മീറ്ററോളം മാറി അവിടെ തന്നെ തമ്പടിച്ചിരിക്കുകയാണ്. സമരാനുകൂലികൾ പിന്തിരിഞ്ഞ് പോകാൻ തയ്യാറല്ല. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. സംഘർഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരാനുകൂലികൾ തുടരുന്നത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. കളക്ടർ പോലീസുകാരുമായി ചർച്ച നടത്തി. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ പോലീസുകാരെ എത്തിക്കുമെന്നാണ് വിവരം.

Related Articles

Latest Articles