Thursday, September 24, 2026

കേട്ടാൽ അറയ്ക്കുന്ന അസഭ്യങ്ങൾ, 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി! വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമം; കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസ്

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ലഹളയുണ്ടാക്കൽ, പോലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പോലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു, 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്.

വിഴിഞ്ഞത്ത് പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ന് സമാധാന ചര്‍ച്ച നടത്തും. രാവിലെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായും 10.30ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ച നടത്തും.

സംഘര്‍ഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.

Related Articles

Latest Articles