കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോള് കേരളത്തില് (Kerala) ആനുപാതികമായി കുറയാന് കാരണം സംസ്ഥാന സര്ക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎന് ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവര്ത്തകര് പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ.സുരേന്ദ്രന്.
കേന്ദ്രസര്ക്കാര് കുറച്ച നികുതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന് നോക്കാതെ പാവപ്പെട്ട ജനങ്ങള്ക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് സംസ്ഥാന സര്ക്കാര് ചെയ്യേണ്ടത്. എന്നാല് തന്റെ മുന്ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാര്ഗം കണ്ടെത്താന് ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കില് ശക്തമായ ജനരോഷം സര്ക്കാര് നേരിടേണ്ടി വരുമെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.

