തിരുവനന്തപുരം: സർക്കാർ പി.സി ജോർജ്ജിനോട് ഒരു നീതിയും വർഗീയ ശക്തികളോട് മറ്റൊരു നീതിയുമാണ് കാണിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനാണ് സർക്കാരിന്റെ ശ്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതവിദ്വേഷ പ്രസംഗം നടത്തിയ മുസ്ലീം വർഗീയ ശക്തികളെ താലോലിച്ചുകൊണ്ടാണ് പി.സിക്കെതിരെ കേസെടുക്കുന്നതെന്നും, പി.സി ജോർജിനോട് കാട്ടുന്നത് ഇരട്ടനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വർഗീയ ശക്തികളെയും ഭീകരവാദികളെയും പ്രോത്സഹിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി.സി ജോർജ്ജിനെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിലാണ് കേസ്.

