Thursday, May 23, 2024
spot_img

രണ്ടര വയസ്സുകാരിയുടെ ശരീരത്തിൽ ചിപ്പ്? കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്ന് അമ്മ

കൊച്ചിയിൽ കാക്കനാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിക്ക് എങ്ങനെയാണ് ദേഹത്ത് ഗുരുതരമായ നിലയിൽ ഇത്രയും പരിക്കുകളേറ്റത് എന്നതിൽ വൻ ദുരൂഹത. ആശുപത്രിയിൽ കുട്ടിയോടൊപ്പം അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. ഇരുവരും മാനസികവിഭ്രാന്തിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും കൂടാതെ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി.മാത്രമല്ല കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നും, മുറിവുകൾ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാൽ ഈ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

വെന്റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 48 മണിക്കൂർ കൂടി കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.എന്നാൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ രക്തധമനികളിൽ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. കഴുത്തിന്‍റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്‍റെ മുകൾ ഭാഗം മുതൽ രക്തസ്രാവമുണ്ട്. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൂടെ പൊള്ളലുമുണ്ട്. ഒരു മാസം മുതല്‍ 24 മണിക്കൂർ വരെ പഴക്കമുള്ള പരിക്കുകളാണ് കുഞ്ഞിന്‍റെ ദേഹത്തുള്ളത്. അതിനാൽത്തന്നെ സ്വയം പരിക്കേൽപ്പിച്ചതെന്നതടക്കമുള്ള ഒരു മൊഴിയും പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. രണ്ടരവയസ്സുള്ള ഒരു കുഞ്ഞിന് സ്വയമേൽപ്പിക്കാൻ കഴിയുന്നതോ വീണ് പരിക്കേറ്റ നിലയിലോ ഉള്ള പരിക്കുകളല്ല ദേഹത്ത് ഉള്ളത്.

കുട്ടിയുടെ സ്വയം പരിക്കേൽപിച്ചതാണെന്നും കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയാണെന്നും മറ്റുമുള്ള അമ്മയുടെ വാദം പോലീസ് തള്ളിക്കളയുകയാണ്. ഇവരുടെ കൂടെ താമസിക്കുന്ന ആന്റണി ടിജിൻ അടക്കമുള്ളവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുകയാണ് പോലീസ്. അതേസമയം, കുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും ഇനി സംരക്ഷണം ഏൽപിക്കാനാകില്ലെന്നും, കുട്ടിയെ തനിക്ക് വിട്ടുതരണമെന്നും ബാലക്ഷേമസമിതി എറണാകുളം വൈസ് ചെയർമാൻ അരുൺ കുമാർ വ്യക്തമാക്കി.

‘തന്റെ മകൾ സാധാരണ കുട്ടിയാണ്. കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതികളൊന്നുമില്ല, കുട്ടിയുടെ അമ്മ പറയുന്നത് മുഴുവൻ കളവാണ്. ഏഴ് മാസം മുൻപാണ് സാധാരണ പോലെ ഭാര്യ കുട്ടിയുമായി തന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരികെ വരാൻ തയ്യാറായില്ല. ഫോൺ കോളും എടുത്തില്ല. ആന്റണി ടിജിനെതിരെ താൻ നേരത്തേ പനങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. ആന്റണി ടിജിൻ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതാകാനാണ് സാധ്യത. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ആന്റണി. യുവതിയുടെ അമ്മയ്ക്ക് മാനസികാസ്വസ്ഥതകൾ ഉണ്ട്. അവരുടെ മറ്റൊരു മകന്റെ മരണത്തെത്തുടർന്നാണിത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വേണം. സന്തോഷമുള്ള ജീവിതമായിരുന്നു ഏഴ് മാസം മുമ്പ് വരെ. എറണാകുളത്തെ വീട്ടിലേക്ക് ഭാര്യ മടങ്ങിയ ശേഷമാണ് ദുരൂഹത’- ‘-കുട്ടിയുടെ അച്ഛൻ പറയുന്നു

കൃത്യം ഒരു മാസം മുമ്പാണ് പുതുവൈപ്പ് സ്വദേശിയായ ആന്‍റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം ഫ്ലാറ്റ് വാടകക്ക് എടുക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥനെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് ഫ്ലാറ്റ് ഉടമ അബ്ദുറഹ്മാന്‍ പറയുന്നു. ഭാര്യ ,ഭാര്യാ സഹോദരി, മക്കൾ, അമ്മൂമ്മ എന്നിവര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു. പക്ഷെ പിന്നീട് ഇയാളെ കുറിച്ച് പല സംശയങ്ങളും ഉയർന്നെന്ന് ഫ്ലാറ്റുടമ പറഞ്ഞു.

സമീപത്തെ ഫ്ലാറ്റിലുള്ളവരുമായി ഒരു ബന്ധവും ഇവർക്കുണ്ടായിരുന്നില്ല. സ്ത്രീകൾ ആരും ഫ്ലാറ്റിന് വെളിയിൽ ഇറങ്ങാറില്ലായിരന്നു. സഹദോരിയുടെ മകന്‍ മാത്രം മറ്റ് കുട്ടികളുമായി കളിക്കാനെത്തും. അമേരിക്കയില്‍ നിന്നാണ് കാക്കാനാട്ടെക്ക് എത്തിയതെന്നാണ് മകൻ മറ്റ് കുട്ടികളോട് പറഞ്ഞിരുന്നത്. രണ്ടരവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഞായറാഴ്ച വൈകിട്ട് മുതല്‍ സംശയാസ്പദമായ കാര്യങ്ങളാണ് ഫ്ലാറ്റില്‍ നടന്നതെന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ തെളിയിക്കുന്നു. വൈകിട്ട് ആറരയോടെ ആന്‍റണി ബൈക്കിൽ പുറത്ത് പോകുന്നു. പിന്നീട് ഒരു പാക്കറ്റുമായി തിരികെയത്തുന്നു.

അൽപസമയത്തിന് ശേഷം ആന്‍റണിയും മുതിർന്ന ആൺകുട്ടിയും കാറിൽ പുറത്തേക്ക്. പിന്നീട് എട്ടരയോടെ രണ്ടരവയസ്സുകാരി കുഞ്ഞിനെയും കൈകളിലേന്തി അമ്മയും അമ്മൂമ്മയും പുറത്തേക്ക്. കുഞ്ഞിന്‍റെ നെറ്റിയില്‍ ബാന്‍ഡേജ് പോലെ കാണാം. താഴെ എത്തുമ്പോഴേക്ക് കാറുമായി ആന്‍റണി എത്തുന്നു.

പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപ്രതിയിലേക്കുമാണ് ഇവര്‍ കുഞ്ഞുമായി പോയത്. കോലഞ്ചേരി മെഡിക്കൽ മിഷനിലെത്തുന്നത് രാത്രി 11 മണിക്കാണ്. പിന്നീട് ആന്‍റണി, കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഫ്ലാറ്റിൽ തിരിച്ചെത്തുന്നത് പുലര്‍ച്ചെ രണ്ട് മണിക്കാണ്. ഇരുപത് മിനുട്ടിൽ സാധനങ്ങൾ പാക്ക് ചെയ്ത് ഇവർ പുറത്തിറങ്ങുന്നതാണ് പിന്നീട് കാണുന്നത്.

സംഭവമറിഞ്ഞ് ഫ്ലാറ്റ് ഉടമ ബന്ധപ്പെട്ടപ്പോള്‍ താന്‍ ആശുപത്രിയിലുണ്ടെന്നാണ് ആന്‍റണി പ്രതികരിച്ചത്. പക്ഷെ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. കുറെ നാളായി ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സഹോദരിമാര്‍. മൂത്ത സഹോദരിയുടെ പങ്കാളിയാണ് ആന്‍റണിയെന്നും പൊലീസ് പറയുന്നു. മുമ്പ് പള്ളിക്കര എന്ന സ്ഥലത്താണ് ഇവർ വാടകക്ക് കഴിഞ്ഞിരുന്നത്. അന്ന് ഫ്ലാറ്റ് ഉടമയുമായി ഉടക്കിയ ശേഷമാണ് കാക്കനാട് എത്തുന്നത്.

സംഭവം വിവാദമായതോടെ എറണാകുളം ജില്ല ശിശുക്ഷേമസമിതിയും സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൗൺസിൽ വൈസ് ചെയർമാൻ കെ എസ് അരുണിന്‍റെ നേതൃത്വത്തില്‍ അംഗങ്ങൾ ആശുപത്രിയിലെത്തി ഡോക്ടർമാരുടെയും അമ്മ, അമ്മൂമ്മ എന്നിവരുടെയും മൊഴി എടുത്തു. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതിക്കും സർക്കാരിനും ഇവർ റിപ്പോർട്ട് നൽകും. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയുടെ മകന്‍റെ മൊഴിയും പൊലീസ് താമസിയാതെ ശേഖരിക്കും. ഈ മകനും സമാനമായി മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. കൗൺസിലർമാരുടെ സഹായത്തോടെ ഈ കുട്ടിയുടെ മൊഴി ശേഖരിക്കാന്‍ ശിശു ക്ഷേമസമിതിക്ക് കത്ത് നല്‍കും. ഇതിന് ശേഷം അമ്മ, അമ്മൂമ്മ എന്നിവരുടെ വിശദമായ മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും ഇവരുടെ കൂടെ താമസിച്ച ആന്‍റണി ടിജിനെ വിളിച്ചുവരുത്തുക. നിലവില്‍ ഇയാള്‍ മാറിനിൽക്കുകയാണെങ്കിലും ഒളിവിൽ പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles