Thursday, May 9, 2024
spot_img

കസ്റ്റംസ് പരിശോധന വേറുതെയാകുന്നു! കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സജീവം; പോലീസ് പിടികൂടിയത് 1.74 കോടി രൂപയുടെ സ്വര്‍ണം

കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഫലപ്രദമല്ലെന്ന് പരാതി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന യാത്രക്കാരില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടുന്നത് പതിവ് പതിവ് സംഭവമായി മാറുന്നു. കഴിഞ്ഞ 3 മാസത്തിനിടയില്‍ 4 തവണയായി 1.74 കോടി രൂപ വില വരുന്ന സ്വര്‍ണം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി എന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ ജൂണ്‍ 11 ന് ആണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനില്‍ നിന്ന് ആദ്യമായി എയര്‍ പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടിച്ചെടുത്തത്. 38 ലക്ഷം രൂപ വില മതിക്കുന്ന 728 ഗ്രാം സ്വര്‍ണം ആയിരുന്നു അന്ന് എയര്‍പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തത്.

ഇതിന് ശേഷം ആഗസ്റ്റ് 18 ന് 10 ലക്ഷം രൂപ വില മതിക്കുന്ന 202 ഗ്രാം സ്വര്‍ണവും സെപ്റ്റംബര്‍ 2 ന് 74. 48 ലക്ഷം രൂപ വില മതിക്കുന്ന 1425 ഗ്രാം സ്വര്‍ണവും എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാകട്ടെ 51. 54 ലക്ഷം രൂപ വില മതിക്കുന്ന ഒരു കിലോ സ്വര്‍ണം ആണ് പോലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശ പ്രകാരമാണ് എയര്‍പോര്‍ട്ട് പൊലീസ് പരിശോധന നടത്തുന്നത്.

എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ആണ് യാത്രക്കാരില്‍ പരിശോധന നടത്തുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് കസ്റ്റംസില്‍ മതിയായ ജീവനക്കാര്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി 2 ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകാറുണ്ട്.

എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നുന്നവരെ മാത്രമാണ് വിശദ പരിശോധന നടത്തുന്നത്. എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടിക്കാന്‍ തുടങ്ങിയതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ഫലപ്രദമായ രീതിയില്‍ നടക്കുന്നില്ല എന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

Related Articles

Latest Articles