ബംഗളൂരു: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കർണ്ണാടകയിൽ കോൺഗ്രസിന് താക്കീതുമായി കർണ്ണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി. ഉപമുഖ്യമന്ത്രി സ്ഥാനം ഒരു മുസ്ലിമിന് നൽകണമെന്നും ആഭ്യന്തരം, റവന്യു, ആരോഗ്യം ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ചു മന്ത്രിസ്ഥാനങ്ങളും സമുദായത്തിന് നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരിക്കാൻ മുസ്ലിങ്ങൾക്ക് 30 സീറ്റ് നൽകാമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുന്നേ വാഗ്ദാനം നൽകിയിരുന്നതാണ്. എന്നാൽ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ അത് പതിനഞ്ചായി കുറഞ്ഞു. എന്നിട്ടും അതിൽ 09 മുസ്ലിം സ്ഥാനാർത്ഥികൾ വിജയിച്ചു. അതുകൊണ്ട് സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി തെരഞ്ഞെടുപ്പിന് മുന്നേ പറഞ്ഞുറപ്പിച്ച കാര്യങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെടുകയാണ് ഷാഫി സാദി ചെയ്തത്.
ജനതാദള്ളിന് മുസ്ലിം സമുദായം നൽകിവന്നിരുന്ന പരമ്പരാഗത പിന്തുണ പിൻവലിച്ചാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 112 സീറ്റുകളിലെ മുസ്ലിം വോട്ടർമാരുടെ പിന്തുണകൊണ്ടാണ് കോൺഗ്രസിന് മികച്ച വിജയമുണ്ടായതെന്ന അവകാശവാദമാണ് വഖഫ് ബോർഡ് ചെയർമാൻ ഉന്നയിക്കുന്നത്. 90 ലക്ഷം മുസ്ലിങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ച് തെരഞ്ഞെടുപ്പിന് ശേഷം വാക്കുമാറുന്നത് നല്ല കീഴ്വഴക്കമല്ലെന്ന താക്കീതും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി കോൺഗ്രിസിന് നൽകുന്നുണ്ട്.
നേരത്തെ മുസ്ലിം സംവരണം സംസ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്നും ബജ്രംഗ് ദള്ളിനെ നിരോധിക്കുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് വർഗ്ഗീയ പ്രീണനം നടത്തുകയാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്ന പ്രസ്താവനകളാണ് വഖഫ് ബോർഡ് ചെയർമാന്റേതെന്ന് ബിജെപി ആരോപിച്ചു. കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കൂടിയാണ് മൗലാനാ ഷാഫി സാദി

