ബംഗളൂരു: കര്‍ണാടക പൊലീസിലെ ‘സിങ്കം’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫീസര്‍ കുപ്പുസ്വാമി അണ്ണാമലൈ രാജിവച്ചത് രാഷ്രീയത്തില്‍ പ്രവേശിക്കാനെന്ന് അഭ്യൂഹം. നിലവില്‍ ബംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണറായ 33 കാരന്‍ ഒന്‍പത് വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ചൊവ്വാഴ്ച രാജിക്കത്ത് നല്‍കിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഐപിഎസ് ഓഫീസര്‍ ഇനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനുമായി കുപ്പുസ്വാമി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഉന്നതസ്ഥാനം ബിജെപി വാഹ്ദാനം ചെയ്തതായാണ് സൂചന.
കുറഞ്ഞ കാലയളവില്‍ തന്നെ ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും പേടിസ്വപ്‌നമായി മാറിയ കുപ്പുസ്വാമി, പ്രശ്‌നബാധിത പ്രദേശങ്ങളായ ചിക്കമംഗലൂരു, ഉഡുപ്പി, കാര്‍കാല എന്നിവിടങ്ങളിലെല്ലാം ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
കഴിഞ്ഞ വര്‍ഷം തന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ മധുകര്‍ ഷെട്ടിയുടെ ആകസ്മിക നിര്യാണമാണ് യൂണിഫോമിനോട് വിടപറയാന്‍ ഈ യുവ പൊലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്.
പൊലീസ് ഓഫീസറുടെ യൂണിഫോം തരുന്ന അഭിമാനബോധത്തിന് സമാനതകളില്ലെന്ന് അണ്ണാമലൈ പറയുന്നു. ജീവിതത്തില്‍ നഷ്ടപ്പെട്ട ചില ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി ഇനി സമയം ചെലവിടാനാണ് ആഗ്രഹം – കുപ്പുസ്വാമി പറയുന്നു.
കുപ്പുസ്വാമി തമിഴ്‌നാട് കാരൂര്‍ സ്വദേശിയാണ്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ജീവിതത്തിന്റെ ഗതി മാറ്റാന്‍ തീരുമാനിച്ചു എന്നുമാത്രമാണ് കുപ്പുസ്വാമി പറഞ്ഞത്. എന്നാല്‍ സഹപ്രവര്‍ത്തകയായ ഐജി ഡി രൂപ പറയുന്നത് മറിച്ചാണ്. ‘രാഷ്ട്രീയത്തിലിറങ്ങുന്ന ഡിസിപിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നാണ്.
‘സിങ്കം’ കാക്കിവേഷം അഴിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വീരഗാഥകള്‍ വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍മീഡിയ.

