തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും ഹർജി പരിഗണിക്കുന്നത്.
ഹർജിയിലെ ആവശ്യം കേസ് സിപിഐഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും, അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ്. നേരത്തെ സർക്കാരും ബാങ്കും ഈ ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു. ഏതാനും നിക്ഷേപകർ നൽകിയ മറ്റൊരു ഹർജിയും ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കുന്നുണ്ട്. കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നറിയിക്കാൻ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി നിർദ്ദേശം നൽകിയിരുന്നു. വിഷയത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ. രവി ഉത്തരവിട്ടിരുന്നു.

