പെരിയ: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചുവെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കര്‍ണാടക പോലീസ് പൂര്‍ണസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട കൃപേഷിന്‍റെ പരാതിയിൽ നേരത്തെ ബേക്കൽ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. തനിക്ക് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നു കൃപേഷിന്‍റെ പരാതി. അതേസമയം, കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയുണ്ട്.