Thursday, May 16, 2024
spot_img

‘കെജ്‌രിവാൾ കടുത്ത പ്രമേഹരോഗം ഉള്ളയാളാണ്, ജയിലിൽ കിടന്ന് ശരീരഭാരം 4.5 കുറഞ്ഞു’; ആരോപണവുമായി ആം ആദ്മി; നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

ദില്ലി: ജയിലിൽ കിടന്ന് അരവിന്ദ് കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി. മാർച്ച് 21ന് ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ കെജ്‌രിവാളിന്റെ ഭാരം കുറഞ്ഞുവെന്നാണ് ദില്ലി മന്ത്രിസഭാംഗവും ആം ആദ്മി നേതാവുമായ അതിഷി ആരോപിച്ചത്. ഇത്തരത്തിൽ വളരെ പെട്ടന്ന് ഭാരം കുറയുന്നത് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്നും ഡോക്ടർമാർ ആശങ്ക അറിയിച്ചുയെന്നും അതിഷി പറയുന്നു.

”ബിജെപിയാണ് കെജ്‌രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ കടുത്ത പ്രമേഹരോഗം ഉള്ളയാളാണ്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും 24 മണിക്കൂറും രാജ്യത്തിന് വേണ്ടി സേവനം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. അറസ്റ്റ് ഉണ്ടായതിന് ശേഷം കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കിലോയാണ് കുറഞ്ഞത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഈ രാജ്യം മാത്രമല്ല, ദൈവം പോലും നിങ്ങളോട് പൊറുക്കില്ലെന്നും” അതിഷി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

എന്നാൽ അതിഷിയുടെ വാദങ്ങൾ തിഹാർ ജയിൽ അധികൃതർ നിഷേധിച്ചു. ജയിലിൽ എത്തുമ്പോൾ 55 കിലോ ആയിരുന്നു കെജ്‌രിവാളിന്റെ ശരീരഭാരം. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലും യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ഷുഗർ ലെവൽ നിലവിൽ സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഷുഗർ ലെവലിൽ വ്യതിയാനം വന്നതോടെ ജയിലിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു കെജ്‌രിവാൾ.

Related Articles

Latest Articles