Thursday, May 2, 2024
spot_img

ലാലേട്ടന്റെ പിറന്നാൾ ആഘോഷിച്ച് മലയാളക്കര; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ പിറന്നാൾ മലയാളക്കര ഒന്നാകെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരികയാണ്. മോഹൻലാലിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. മലയാളത്തിലെ വിഖ്യാത ചിത്രം തൂവാനത്തുമ്പികളുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുണ്ടായ സംഭവങ്ങളാണ് അനന്തപത്മനാഭൻ പങ്കുവെച്ചത്.

തൂവാനത്തുമ്പികളുടെ സെറ്റിൽ മോഹൻലാലിന്റെ അമ്മ വന്ന അപൂർവ സംഭവം വിവരിക്കുകയാണ് അനന്തപത്മനാഭൻ. ഷോട്ടിനിടയ്ക്ക് മോഹൻലാൽ വന്ന് കുസൃതി പറഞ്ഞ് പോവാറുണ്ടെന്നും അദ്ദേഹം കുറിച്ചു. നിരവധി ആരാധകരാണ് കുറിപ്പിന് പ്രതികരണവുമായി എത്തുന്നത്.

അനന്തപത്മനാഭൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.

1977-ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും ശാന്ത ആന്റിയേയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു, എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി, നല്ല കൂട്ടുകാരികളും. അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.

ഷോട്ടിനിടക്ക് ലാലേട്ടൻ വന്ന് കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. “തൂവാനത്തുമ്പി”കളിലെ “മൂലക്കുരുവിന്റെ അസ്ക്യത” എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്. ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ. ” ലാലുവിന്റെ കല്യാണ ആലോചനകൾ” തന്നെ വിഷയം.

ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. “തൂവാനത്തുമ്പികൾ” കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.

ചിത്രത്തിൽ ലാലേട്ടനും, ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും.

പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്…

Related Articles

Latest Articles