Friday, May 17, 2024
spot_img

അവസാന മത്സരത്തിൽ കാട്ടുതീയായി സൺറൈസേഴ്‌സ് ; മുംബൈയ്ക്ക് 201 റൺസ് വിജയലക്ഷ്യം

മുംബൈ: അതിനിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ഈ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് വിജയിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ. ടോസ് നേടിയ മുബൈ സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടി തകർത്തടിച്ച സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ വിവ്‌റാന്ത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

വമ്പന്‍ വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ബൗളർമാരെ ഹൈദരാബാദ് ഓപ്പണർമാർ തകർത്തടിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 13.5 ഓവറില്‍.വിവ്‌റാന്തും മായങ്കും ചേര്‍ന്ന് 140 റണ്‍സാണ് സ്‌കോർ ബോർഡിലെത്തിച്ചത്. 14-ാം ഓവറില്‍ വിവ്‌റാന്തിനെ മടക്കി ആകാശ് മധ്‌വാല്‍ ഈ കൂട്ടുകെട്ട് തകർത്തു. യുവതാരം വിവ്‌റാന്ത് 47 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സുമടക്കം 69 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശേഷമാണ് ക്രീസ് വിട്ടത്.

വിവ്‌റാന്ത് മടങ്ങിയതിന് പിന്നാലെ മായങ്ക് അര്‍ധസെഞ്ചുറി തികച്ചു. ടീം സ്‌കോര്‍ 174-ല്‍ നില്‍ക്കേ മായങ്കിനെയും മധ്‌വാല്‍ മടക്കി. 46 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും നാല് കൂറ്റന്‍ സിക്‌സിന്റെയും സഹായത്തോടെ 83 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ ശേഷമാണ് മായങ്ക് മടങ്ങിയത്.

ഓപ്പണർമാർ മടങ്ങിയതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ വന്ന ഗ്ലെന്‍ ഫിലിപ്‌സും (1) ഹെയ്ന്റിച്ച് ക്ലാസ്സനും (18) ഹാരി ബ്രൂക്കും (0)കാര്യമായി തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ വലിയ തോതില്‍ റണ്‍സൊഴുക്കാൻ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല. നായകന്‍ എയ്ഡന്‍ മാര്‍ക്രം 13 റണ്‍സെടുത്തും സന്‍വീര്‍ സിങ് നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി മധ്‌വാല്‍ നാല് വിക്കറ്റെടത്തപ്പോള്‍ ഇംഗ്ലണ്ട് പേസർ ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Related Articles

Latest Articles