Tuesday, April 30, 2024
spot_img

“ഡു നോട്ട് ടച്ച് മൈ ക്ലോത്”…. താലിബാന്റെ ബുർഖ ഉത്തരവിനെ തള്ളി ക്യാമ്പയിനുമായി ലോകമെമ്പാടുമുള്ള അഫ്ഗാൻ സ്ത്രീകൾ; ബഹുവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രതിഷേധം

കാബൂൾ: താലിബാന്റെ ബുർഖ ഉത്തരവിനെതിരേ ക്യാമ്പയിനുമായി ലോകമെമ്പാടുമുള്ള അഫ്ഗാൻ സ്ത്രീകൾ. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ നയങ്ങള്‍ നടപ്പിലാക്കുമെന്ന് ഭീകരർ പ്രഖ്യാപിച്ചിരുന്നു. അവയിലൊന്നായിരുന്നു സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കണം എന്നത്. തലമുതൽ കാൽവരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുൻവശം അൽപം ഒഴിച്ചിടുന്ന വസ്ത്രധാരണ രീതിയാണിത്. എന്നാൽ ഇതിനെതിരേ നിരവധി സ്ത്രീകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

അഫ്​ഗാനിസ്ഥാൻ കൾച്ചർ ക്യാമ്പയിൻ

അഫ്​ഗാനിസ്ഥാൻ കൾച്ചർ ക്യാമ്പയിൻ എന്ന ഹാഷ്ടാ​ഗോടെയാണ് സ്ത്രീകൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അഫ്​ഗാന് അകത്തും പുറത്തും ഇള്ള സ്ത്രീകൾ ക്യാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. “അഫ്​ഗാൻ വുമൺ”, ”ഡു നോട്ട് ടച്ച് മൈ ക്ലോത്” എന്നീ ഹാഷ്ടാ​ഗുകളും ഇവരുടെ ചിത്രങ്ങളോടൊപ്പം വൈറലാകുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് എതിരേയുള്ള പ്രതിഷേധമാണ് ഓരോ ചിത്രങ്ങളും. അഭിമാനത്തോടെയാണ് പരമ്പരാ​ഗത അഫ്​ഗാൻ വസ്ത്രം ധരിക്കുന്നത് എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇതാണ് യഥാർഥ അഫ്​ഗാൻ സംസ്കാരവും പരമ്പരാ​ഗത വസ്ത്രവുമെന്നും പറഞ്ഞും ചിത്രങ്ങൾ പങ്കുവക്കുന്നവരുമുണ്ട്. അതേസമയം അഫ്ഗാനിസ്ഥാന് പുറത്തുള്ള അഫ്ഗാന്‍ സ്ത്രീകള്‍ വര്‍ണ്ണാഭമായ വിവിധ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുകയാണ്. ഇതിനുപിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അഫ്ഗാന്‍ സ്ത്രീകളുടെ ബഹുവര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളുടെ പ്രവാഹമായിരുന്നു.

അതേസമയം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ച് കൊണ്ടുള്ളതായിരുന്നു മുൻപും താലിബാന്റെ ഭരണം. എന്നാൽ താലിബാനു കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്നാണ് ആവർത്തിക്കുന്ന അവകാശവാദം. ഇതെല്ലാം വെറും വാക്കുകൾ കൊണ്ട് നടത്തുന്ന പ്രഹസനങ്ങൾ മാത്രമാണെന്ന് ലോകം മുഴുവൻ മനസിലാക്കിയതാണ്. അഫ്​ഗാനിസ്ഥാൻ താലിബാൻ ഭീകരർ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നിരുന്നു. സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പഠിക്കാമെങ്കിലും ക്ലാസ്മുറികൾ ലിം​ഗപരമായി വേർതിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോളേജുകളിൽ ഹിജാബ് നിർബന്ധമാക്കുമെന്നും പറഞ്ഞിരുന്നു.

Related Articles

Latest Articles