Tuesday, April 30, 2024
spot_img

ദുരിതം വിതച്ച്‌ പെരുമഴ: ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്,

കൊച്ചി: ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്റര്‍ വരെ വരുന്ന അതിതീവ്രമഴയ്ക്ക് സാധ്യതയുളളതായി പ്രവചിക്കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ ഇന്നു നാളയും മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം.

ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നു വൈകിട്ടോടെ മഴയുടെ ശക്തി കുറയാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതിന്റെ ഫലമായി 15-ാം തിയതി വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

Related Articles

Latest Articles