ഹലാൽ ഇസ്ലാമിക കാഴ്ചപ്പാട് എന്ന് കോടതി; ആരോപണങ്ങളിൽ വ്യക്തത വരുത്താൻ ഹർജിക്കാരനോട് നിർദേശം

0
HIGHCOURT

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹലാൽ വിവാദം (Halal Controversy) കത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. ഇപ്പോഴിതാ വിഷയത്തിൽ നിർണ്ണായക പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ആയിരുന്നു കോടതിയുടെ പരാമർശം. ഹലാൽ ഇസ്ലാമിക കാഴ്ചപ്പാട് ആണെന്ന് വ്യക്തമാക്കിയ കോടതി ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഹർജിക്കാരനോട് നിർദേശിച്ചു.
ശബരിമലയില്‍ പ്രസാദം നിര്‍മാണത്തിനു ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി എസ് ജെ ആര്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

അതേസമയം ഹര്‍ജി വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്നു കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. എന്നാൽ പ്രസാദം നിര്‍മിക്കുന്നതിന് പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നും ഹര്‍ജി തീര്‍ഥാടനം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ജി ബിജു കോടതിയെ അറിയിച്ചു. മൃഗങ്ങളുടെ മാംസവും കൊഴുപ്പും ഒഴിവാക്കിയുള്ളതാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഹര്‍ജിയെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പം, അരവണ നിര്‍മ്മാണത്തിന് ഏറ്റവും പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കോടതിയെ അറിയിച്ചു.