Friday, April 26, 2024
spot_img

“പട്ടേലിനെ അവഗണിക്കുന്നത്‌ ബി.ജെ.പി. മുതലെടുത്താലോ!”; വീണ്ടും ക്യാമറ കുരുക്കിൽ വെട്ടിലായി കോൺഗ്രസ്; സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ

ബെംഗളൂരു: ക്യാമറയിൽ കുടുങ്ങി കോൺഗ്രസ് നേതാക്കൾ. കർണാടക കോൺഗ്രസിലാണ് (Karnataka Congress) സംഭവം. വീഡിയോ ക്യാമറ ഓണാണെന്നറിയാതെ നടത്തിയ സംഭാഷണം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിക്കാനായി അദ്ദേഹത്തിന്റെ ചിത്രം വയ്‌ക്കുന്നതിനെപ്പറ്റി പി.സി.സി. പ്രസിഡന്റ്‌ ഡി.കെ. ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റ ദൃശ്യങ്ങളാണ്‌ ഇക്കുറി ചോര്‍ന്നത്‌. ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ വാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 31 ആണു പട്ടേലിന്റെ ജന്മവാര്‍ഷിക ദിനം. അന്ന്‌ ആദരമര്‍പ്പിക്കാന്‍ ഇന്ദിരയുടെ ഫോട്ടോയ്‌ക്കൊപ്പം പട്ടേലിന്റെ ചിത്രം കൂടി വയ്‌ക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച.

എന്നാൽ “ഈ ദിവസത്തില്‍ മുമ്പൊരിക്കലും പട്ടേലിന്റെ ചിത്രം വച്ചിട്ടില്ലെന്നും ഇക്കുറിയും അങ്ങനെയായാല്‍ ബി.ജെ.പിക്കാര്‍ മുതലെടുത്താലോ? ” എന്ന ആശങ്കയാണു നേതാക്കള്‍ പങ്കുവച്ചത്‌.
അതിനിടെ, തങ്ങളുടെ കൈവശം സര്‍ദാര്‍ പട്ടേലിന്റെ ഛായാചിത്രമുണ്ടോ എന്നായി സിദ്ധരാമയ്യ. ഉണ്ടെന്നും മുമ്പു വച്ചിട്ടില്ലെന്നും ശിവകുമാര്‍ മറുപടി നല്‍കി. സര്‍ദാര്‍ പട്ടേലിനെ അവഗണിക്കുന്നതു ബി.ജെ.പിക്കാര്‍ മുതലെടുത്തേക്കുമെന്നു സിദ്ധരാമയ്യ പറഞ്ഞതോടെ അദ്ദേഹത്തിന്റെ ചിത്രത്തിനും വേദിയില്‍ ഇടം ലഭിച്ചു.

അതേസമയം സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ബിജെപി രംഗത്തുവന്നു. നെഹ്‌റു വംശാവലി സര്‍ദാര്‍ പട്ടേലിനെ എത്രത്തോളം വെറുക്കുന്നു എന്നതിനു തെളിവാണ്‌ ഈ സംഭാഷണമെന്ന് ബി.ജെ.പി തുറന്നടിച്ചു. എന്നാൽ കോൺഗ്രസ് ഇങ്ങനെ വെട്ടിലാവുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. ശിവകുമാറിന്റെ അഴിമതി സംബന്ധിച്ച്‌ രണ്ടു നേതാക്കള്‍ തമ്മില്‍ അടക്കം പറഞ്ഞത്‌ കഴിഞ്ഞ മാസം മൈക്കിലൂടെ പുറത്തുവന്നതു കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കികൊണ്ട് മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles