Friday, May 3, 2024
spot_img

തിരുവനന്തപുരത്ത് എൽഎംഎസ് എൽപി സ്കൂളിൽ രണ്ട് കുട്ടികളിൽ നോറോ വൈറസ് ബാധ; രോഗം പിടിപെട്ടത് ഉച്ചഭക്ഷണത്തിലൂടെയോ ?

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എൽഎംഎസ് എൽപിഎസിലെ കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കുട്ടികൾക്ക് വയറിളക്കം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഈ വൈറസ് പകരുന്നത്. നേരത്തെ ഈ സ്‌കൂളിലെ 42 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയും ഏറ്റിരുന്നു. ഇതിന് മുൻപേ വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്നിരുന്നു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വേഗത്തില്‍ രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്‌തേക്കാം.

Related Articles

Latest Articles