Saturday, April 27, 2024
spot_img

സംസ്ഥാനത്ത് മാറിമാറി വരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ മോശം ഭരണം മൂലംകേരളം സാമ്പത്തികമായി തകർന്നു; ശമ്പളം നൽകാൻ പോലും ഖജനാവിൽ പണമില്ല! നിർമ്മല സീതാരാമൻ

തിരുവനന്തപുരം: ഇന്ത്യയിൽ സാമ്പത്തികമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട്. കേരളത്തിൽ മാറിമാറി വരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ മോശം ഭരണം മൂലമാണ് കേരളം സാമ്പത്തികമായി തകർന്നതെന്ന് നിർമ്മല സീതാരാമൻ ആരോപിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

2016 -17 മുതൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരള സർക്കാർ അതിന്റെ അനുവദനീയമായ കടമെടുക്കൽ പരിധിയായ 3 ശതമാനം കവിഞ്ഞതായും 42,000 കോടി രൂപയ്ക്ക് അധിക ബജറ്റ് കടമെടുത്തതായും കേന്ദ്രമന്ത്രി പറഞ്ഞു . കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി), കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ മുഖേനയാണ് ബജറ്റിന് പുറത്തുള്ള ഈ കടമെടുപ്പ് നടത്തിയതെന്ന് നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

വായ്പ ആരാണ് തിരിച്ചടയ്‌ക്കേണ്ടത് എന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. ഇത് സർക്കാർ ഖജനാവിൽ നിന്ന് തിരിച്ചടയ്ക്കണം. അതായത് കേരളത്തിലെ ജനങ്ങൾ അത് അടയ്ക്കുന്നു . ബ്ജറ്റിന് പുറത്തും കേരളം കടമെടുക്കുന്നുണ്ട്. 42,285 കോടി രൂപയാണ് ഇതുവരെ കേരളം കടമെടുത്തത്. കടമെടുത്ത പണം തിരിച്ചടയ്ക്കാൻ വരുമാനം വേണം. പക്ഷേ കേരളത്തിന് വരുമാനമില്ല. ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടയ്ക്കുന്നത് എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

എന്നാൽ, 2014 മുതൽ 2024 ഫെബ്രുവരി 29 വരെ, നരേന്ദ്ര മോദി സർക്കാർ സംസ്ഥാനത്തിന് നികുതി വിഭജനമായി 1,55,649 കോടി രൂപയും ഗ്രാന്റ് -ഇൻ-എയ്ഡായി 1,58,983 കോടിയും നൽകിയിട്ടുണ്ട്. ഈ പണം എവിടെയാണ് ചിലവഴിച്ചതെന്ന് കേരള സർക്കാരിന് അറിയില്ല. 9,649 കോടി രൂപയാണ് ബജറ്റിൽ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സർക്കാർ നീക്കി വച്ചത്. എന്നാൽ ശമ്പളം നൽകാൻ പോലും ഖജനാവിൽ പണമില്ല എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles