തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ സംഘടിതമായ രീതിയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ വാർത്തകൾ പടച്ചുവിട്ടാൽ കേരളത്തിലെ ജനങ്ങൾ അത് തള്ളിക്കളയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിക്കെതിരെ നിലവിൽ പുറത്തുവന്ന വാർത്തകൾ പരിപൂർണ്ണമായി വസ്തുതാവിരുദ്ധവും സ്ഥിരീകരിക്കപ്പെടാത്തതുമാണ്. ഈ വാർത്തകൾ തയാറാക്കിയ മാദ്ധ്യമപ്രവർത്തകർ ബിജെപിയുടെ മീഡിയ ടീമുമായി ബന്ധപ്പെടാനോ വിവരങ്ങൾ സ്ഥിരീകരിക്കാനോ ഉള്ള സാമാന്യ മര്യാദ പോലും കാണിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിംഗിനേക്കാൾ ഉപരിയായി സാങ്കൽപ്പിക കഥകൾക്കാണ് ഇത്തരം വാർത്തകളിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
സത്യസന്ധവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ മാദ്ധ്യമപ്രവർത്തനത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ലെന്ന് വിവാദ തലക്കെട്ടുകൾക്ക് പിന്നാലെ പായുന്ന മാദ്ധ്യമപ്രവർത്തകരെ അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാജവും സാങ്കൽപ്പികവുമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയായ മാദ്ധ്യമപ്രവർത്തനമല്ല. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ ശ്രദ്ധ തിരിക്കാതെ വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലും ജനസേവനത്തിലും ബി.ജെ.പി നേതൃത്വവും പ്രവർത്തകരും പൂർണ്ണ പ്രതിബദ്ധതയോടെ മുന്നോട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

