Saturday, April 20, 2024
spot_img

എല്ലാം സമ്മതിച്ച് പിണറായി സർക്കാർ; പൊതുകടം 3,32,291 ലക്ഷം കോടി; പത്തുകൊല്ലം കൊണ്ട് കടം ഇരട്ടിയായി; സർക്കാരിന്റെ ബാധ്യത ജനജീവിതത്തെ ബാധിക്കുന്നതെങ്ങനെ ?

തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം 3,32,291 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് നിയമസഭയിൽ സമ്മതിച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് കടം ഇരട്ടിയായതായി ചോദ്യത്തിന് ഉത്തരമായി സർക്കാർ വെളിപ്പെടുത്തി. അപ്പോഴും കോവിഡ് വ്യാപനമാണ് കടമുയർത്തിയതെന്നും ബാധ്യതകൾ സംസഥാനത്തിന്റെ വികസനത്തിന് തടസ്സമാവില്ലെന്നുമാണ് സർക്കാർ ഭാഷ്യം. പക്ഷെ ഉയർന്ന പൊതുകടം കാരണം സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലാണെന്നതിനു നിരവധി കാരണങ്ങൾ ചൂടിക്കാണിക്കുന്നുണ്ട് വിദഗ്ധർ. സംസ്ഥാന ജിഡിപി യുടെ 30 ശതമാനത്തിലധികമാണ് പൊതു കടം. ഇത് 23 ശതമാനത്തിൽ താഴെയായിരിക്കണം എന്നതാണ് വിദഗ്ധാഭിപ്രായം. സംസ്ഥാനത്തിന്റെ പൊതുകടവും സംസ്ഥാന വരുമാനവും തമ്മിലുള്ള അനുപാതം 318 ശതമാനമാണ്. അതായത് വരുമാനത്തിന്റെ മൂന്ന് ഇരട്ടിയാണ് പൊതുകടം. മൂന്നാമതായി, സർക്കാർ അവകാശപ്പെടും പോലെ ബാധ്യതകൾ കേരളത്തിന്റെ മുന്നോട്ട് പോക്കിന് തടസ്സമാവില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകണമെങ്കിൽ കടമെടുക്കുന്ന തുക മൂലധന ചെലവുകൾക്കായി ഉപയോഗിക്കണം. പക്ഷെ ഞട്ടിപ്പിക്കുന്ന സത്യം കടമെടുക്കുന്നതിന്റെ 76 ശതമാനവും കേരളം ശമ്പളം കൊടുക്കുക പോലുള്ള റവന്യു ചെലവുകൾക്കാണ് ഉപയോഗിക്കുന്നത്.

കേരളത്തിന്റെ പൊതു കടം സംസ്ഥാനത്തിന്റെ പുരോഗതിക്ക് എത്രമാത്രം തടസ്സമാകുന്നു എന്നതിന്റെ സൂചികകളാണിതൊക്കെ. ശമ്പളവും പെന്ഷനും അടക്കമുള്ളവ സമീപ ഭാവിയിൽ തന്നെ മുടങ്ങാനോ നിയന്ത്രങ്ങൾ വരാനോ സാധ്യതയുണ്ട്. KSRTC പോലുള്ള ചില സ്ഥാപനങ്ങളിൽ ഇപ്പോൾ തന്നെ ശമ്പള പ്രതിസന്ധിയുണ്ട്. സ്വകാര്യ നിക്ഷേപം വളരെ കുറവായ ഒരു സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ശമ്പളം മുടങ്ങുന്നത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കും. KSRTC യിലെ പ്രതിസന്ധി മറ്റ് സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കും അതിവേഗം വ്യാപിപ്പിക്കും. കേന്ദ്ര സഹായങ്ങളെ മാത്രം ആശ്രയിച്ച് നിൽക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ കേന്ദ്ര ഗ്രാന്റുകളിൽ ഉള്ള കുറവ് കൂടിയാകുമ്പോൾ തകർച്ച പൂർണ്ണമാകും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ അടക്കമുള്ള പരിഹാരമാർഗ്ഗങ്ങൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന് അത് ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. റിയൽ എസ്റ്റേറ്റ് പോലുള്ള മേഖലകളിൽ ഇളവുകളും ഉദാരവൽക്കരണവും പ്രഖ്യാപിച്ച് സാമ്പത്തിക ക്രയവിക്രയങ്ങൾ വർധിപ്പിക്കാൻ കർണ്ണാടക പോലുള്ള സംസ്ഥാനങ്ങൾ അടുത്തിടെ ശ്രമിച്ചിരുന്നു. അത് കേരളത്തിനും മാതൃകയാക്കാവുന്നതാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ യാഥാർഥ്യ ബോധത്തോടെ നേരിടാൻ ഇവിടെയാർക്കും സമയമില്ല എന്നതാണ് സത്യം.

 

Related Articles

Latest Articles