Saturday, April 27, 2024
spot_img

ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച് ദേശീയ പതാകയെ അപമാനിച്ചു ; രൂക്ഷ നടപടിയുമായി കേന്ദ്രം,യുകെ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ദില്ലി: വിഘടനവാദി അമൃത്പാൽ സിംഗിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച ഇന്ത്യ യു.കെയുടെ സുരക്ഷാ വീഴ്ചയിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.വിദേശകാര്യ മന്ത്രാലയം ദില്ലിയിലെ യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാത്തത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ വീഴ്ച അംഗീകരിക്കാൻ ആവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അമൃത്പാലിനെതിരെയുള്ള പഞ്ചാബ് പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് വൈകുന്നേരം മുതൽ ലണ്ടനിൽ ഖലിസ്ഥാൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പുറത്ത് വന്നിരുന്നു.

ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിൽ പ്രതിഷേധക്കാർ കടന്നു കൂടിയത് യുകെയുടെ ഭാഗത്ത് നിന്നുണ്ടായ കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിയന്ന കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ അറിയിച്ചു. ഹൈക്കമ്മീഷൻ കെട്ടിടത്തിനും നയതതന്ത്ര ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഒരുക്കാനാകാതെ പോയതിൽ രൂക്ഷഭാഷയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചതായാണ് വിവരം. സംഭവത്തിലുൾപ്പെട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ നടപടികളിൽ രാജ്യത്തിന്റെ കനത്ത പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവന വഴി അറിയിച്ചു.
ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്റെ നിസംഗത അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.

വിഘടനവാദികളുടെയും തീവ്രവാദികളുടെയും നടപടികളിൽ സുരക്ഷാ അഭാവത്തിന് വിശദീകരണം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ് അപലപിച്ചു.ഖലിസ്ഥാൻ അനുഭാവിയായ അമൃത്പാൽ സിംഗിന്റെ അനുനായികൾ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 23-ന് വാളും തോക്കുകളുമായി അജ്‌നാലയിലെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണ്. അമൃത് പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles