Wednesday, May 8, 2024
spot_img

അവസാനം കോടതി ഇടപെടുന്നു: എസ്.എന്‍.ഡി.പി നേതാവ് കെ.കെ.മഹേശൻ്റെ ആത്മഹത്യ: ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസ്

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യ കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ആലപ്പുഴ ഒന്നാം ക്ലാസ് ജ്യഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. മഹേശൻ്റെ ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളിയുടെ ജീവനക്കാരൻ അശോകനുമെതിരെ മാരാരിക്കുളം പോലീസ് എഫ്ഐആർ ഇടണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കെ.കെ. മഹേശൻ്റെ ആത്മഹത്യാ കുറിപ്പിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു..കേസിൽ വെള്ളാപ്പള്ളി ഒന്നും തുഷാർ രണ്ടും പ്രതികളാണ്. വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കത്തെഴുതിവെച്ചശേഷമാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ തൂങ്ങിമരിച്ചത്. മഹേശന്‍ മരണത്തിനു മുമ്പായി എഴുതിയ 36 പേജിലുള്ള കത്തിലും വെള്ളാപ്പള്ളിക്കും സഹായിയായ അശോകനും എതിരായ ആരോപണങ്ങളുണ്ടായിരുന്നു. ഈ കത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. മഹേശന്‍ ചുമതല വഹിച്ചിരുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസിലും ഇതിനു കീഴില്‍ വരുന്ന സ്‌കൂളിലെയും രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു.

കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച്  എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നൽകിയ കത്തിൽ മഹേശൻ പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്  തന്നോട് ശത്രുത ഉണ്ട്. മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും കത്തിൽ പറഞ്ഞിരുന്നു. മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം  തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകാനുണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കിൽ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്ക് ജീവൻ സമർപ്പിക്കുന്നെന്നും മഹേശൻ കത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം കെ കെ മഹേശന്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നുവെന്നും ഇത് കണ്ടു പിടിച്ചതോടെയാണ് വെള്ളാപ്പള്ളി നടേശനെ കുടുക്കാന്‍ വേണ്ടി ഒരു കഥ മെനഞ്ഞ് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മഹേശന്‍ തന്നോട് സമ്മതിച്ചിരുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സിന്റെ പേരില്‍ 25 വ്യാജസംഘങ്ങള്‍ ഉണ്ടാക്കി ഒരു കോടിയോളം രൂപ മഹേശന്‍ തട്ടിയിട്ടുണ്ടെന്നും തുഷാർ ആരോപിച്ചിരുന്നു. മഹേശന്റെ ആത്മഹത്യ ഒതുക്കി തീര്‍ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചിരുന്നുവെന്നും അതിനായി വീട്ടിലേക്ക് വരട്ടെയെന്നും ചോദിച്ചെന്നും എന്നാല്‍ കേസിന്റെ കാര്യത്തിനായിട്ടാണെങ്കില്‍ വരണ്ട എന്നു തങ്ങള്‍ പറഞ്ഞതോടെ പിന്നീട് വിളിച്ചിട്ടില്ലെന്നുമാണ് മഹേശന്റെ കുടുംബം പറയുന്നത്. തങ്ങള്‍ ഒരു തരത്തിലും വഴങ്ങില്ലെന്ന് ഉറപ്പായതോടെയാണ് വെള്ളാപ്പള്ളിയും തുഷാറും കെ കെ മഹേശനെ തേജോവധം ചെയ്യാന്‍ ഇറങ്ങിയതെന്നും കുടുംബം ആരോപിച്ചിരുന്നു.

Related Articles

Latest Articles