കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാൻ പോയ രാമപുരം എസ്. ഐ. ജോബി ജോർജ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കോട്ടയം ജില്ല. തലയ്ക്കു പിൻഭാഗത്തുണ്ടായ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവാണ് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയത്. ഇന്നലെ രാത്രി 11 മണിയോടെ രാമപുരം പൊലീസ് സ്റ്റേഷന് സമീപത്തായി കെട്ടിടത്തിൽ നിന്നുമാണ് എസ്. ഐ വീണത്.
മൂന്നാം നിലയിൽ നിന്നും രണ്ടു കെട്ടിടങ്ങൾക്കിടിയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഉടൻ തന്നെ വിവരം അറിയിച്ചതോടെ എസ്. ഐ ഉൾപ്പെടെയുള്ളവർ ഓടിയെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പുറമെയുള്ള ഗുരുതരമായ പരിക്കുകൾ പ്രഥമ ദൃഷ്ട്യാ പ്രകടമായിരുന്നില്ലെങ്കിലും ആന്തരിക രക്തസ്രാവം ഉണ്ടായതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ചീട്ടുകളിയും ബഹളവും നടക്കുന്നുവെന്ന പരാതി ലഭിച്ചതിനാലാണ് എസ്. ഐയും സ്റ്റേഷൻ ഡ്രൈവറും സംഭവസ്ഥലത്ത് എത്തുന്നത്. പൊലീസുകാർ വന്നതറിഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾ ചീട്ടുകളി നടന്നതിനു സമീപമുള്ള മറ്റൊരു മുറിയിൽ കയറി കതകടച്ചിരുന്നു. ഒത്തിരി പ്രാവശ്യം പൊലീസ് വിളിച്ചിട്ടും ഇവർ തുറന്നില്ല. ഒടുവിൽ എസ്. ഐ. കതകിൽ ആഞ്ഞു ചവിട്ടുകയുംഇതിന്റെ ആക്കത്തിൽ പിന്നോട്ട് മറിഞ്ഞു വീഴുകയുമായിരുന്നു. വരാന്തയിലുള്ള കൈവരിക്ക് ഉയരം കുറവായതിനാൽ പിന്നോട്ട് മറിഞ്ഞ എസ്. ഐ. കൈവരിയും കടന്ന് രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ താഴെയുള്ള മതിലിൽ ഇടിച്ചു നിലത്തു വീണു.
രണ്ടു വർഷം മുൻപാണ് ജോബി ജോർജ് ഗ്രേഡ് എസ്. ഐയായി രാമപുരം സ്റ്റേഷനിൽ ചാർജ് ഏറ്റെടുക്കുന്നത് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമുണ്ടായിരുന്ന അദ്ദേഹം കുറ്റാന്വേഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. സംഭവമുണ്ടായ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി അന്യ സംസ്ഥാനക്കാരാണ് താമസിക്കുന്നത്. മുറി പൂട്ടി കതകടച്ചിരുന്നവർ സംഭവ ശേഷം ഓടി രക്ഷപെട്ടു. ഇവരെക്കുറിച്ച് സൂചനകളില്ല .
കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലത്തെത്തി. പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസൺ ആണ് കേസിന്റെ അന്വേഷണ ചുമതല. ആസ്വഭാവിക മരണത്തിനു കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു. ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി.
നാളെ ഉച്ചയ്ക്ക് 12 ന് കോട്ടയം പൊലീസ് ക്ലബ്, 12.30 ന് രാമപുരം പൊലീസ് സ്റ്റേഷൻ, പൊൻകുന്നം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പൊൻകുന്നം ഇരുപതാം മൈലിലുള്ള കുടുംബ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പൊൻകുന്നം ഹോളി ഫാമിലി ഫോറോന ചർച്ചിൽസംസ്‌ക്കാരം നടത്തും. ഭാര്യ ബിന്ദു അരീക്കതുണ്ടത്തിൽ (കളത്തൂർ ), മകൾ: അൽഫോൻസാ (കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ).

