മുംബൈ : കോഴിക്കോട് ഭീകരാക്രമണക്കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ. ആക്രമണത്തിനു പിന്നാലെ തന്ത്രപരമായി സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, ആക്രമണത്തിനിടെ പൊള്ളലേറ്റിരുന്ന ഇയാൾ രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനു തൊട്ട് പിന്നാലെ ഓണാക്കിയിരുന്നു. ഫോൺ ഓണായതിന് തൊട്ടുപിന്നാലെ ഷാരൂഖിന്റെ ഫോണിലേക്കു സന്ദേശങ്ങളെത്തി തുടങ്ങി . ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി രത്‌നഗിരിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവർ സ്ഥലത്തെത്തുമ്പോഴേക്കും വിവരം കിട്ടിയ ഷാരൂഖ് സെയ്ഫി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള നീക്കത്തിനിടെയാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഷാരൂഖിനെ പിടികൂടിയത്.
അതേസമയം, ഷാരൂഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ഷാരൂഖിന്റെ ചിത്രം അമ്മയാണു തിരിച്ചറിഞ്ഞത്. നേരത്തെ ഷാരൂഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പ്ലസ്ടു വരെ പഠിച്ച ഷാരൂഖിന് അധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഇയാളുടെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകൾ ലഭിച്ചപ്പോൾത്തന്നെ ദില്ലി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീൻബാഗിലെ ഷാരൂഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.

